Site iconSite icon Janayugom Online

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് പൊലീസ്‌

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസ് വിംഗ് വീട്ടിലെത്തി ഏകദേശം നാല് മണിക്കൂറോളമാണ് നടിയെ ചോദ്യം ചെയ്തത്.
ബെസ്റ്റ് ഡീൽ ടി വി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട നിക്ഷേപ, വായ്പാ ഇടപാടിലാണ് കേസ്. ഈ സ്ഥാപനത്തിന്റെ പേരിൽ വ്യവസായിയായ ദീപക് കോത്താരിയിൽ നിന്ന് 60 കോടിയിലധികം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ചേർന്ന് ഗൂഢാലോചന നടത്തി വഞ്ചിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന തട്ടിയെടുത്ത പണം ഇരുവരും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെയും മറ്റ് അഞ്ച് പേരെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്തത്. കമ്പനിയുടെ കാര്യങ്ങൾ താൻ അന്വേഷിക്കുന്നില്ല എന്നാണ് ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. അതേസമയം, അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി രാജ് കുന്ദ്രയെ വീണ്ടും വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

Exit mobile version