Site iconSite icon Janayugom Online

ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സ്ഥാപനത്തിലെ വനിതാ ജീവനക്കാർ ഒളിവിൽപോയ സാഹചര്യത്തിലാണ് നിർണായക തീരുമാനം.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതിന് പൊലീസ് പ്രത്യേക അന്വേഷണസംഘം തെളിവുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യു പി ഐ ഇടപാടുകൾ പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം സ്ഥിരീകരിക്കുകയായിരുന്നു. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും വിശദമായി പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ, വനിതാ ജീവനക്കാർ അഭിഭാഷകൻ മുഖേന തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നു.

വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചതിൽ നിന്ന് 66 ലക്ഷം രൂപ ക്യു ആർ കോഡ് വഴി ലഭിച്ചതായി പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് മൊഴിയെടുക്കുന്നതിനായി പൊലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. 

Exit mobile version