Site iconSite icon Janayugom Online

സാമ്പത്തിക തട്ടിപ്പ്; കിരണ്‍ ഭായ് പട്ടേലിന്റെ ഭാര്യയും അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസസ്ഥന്‍ എന്ന വ്യാജേന പൊലീസ്- രഹസ്യന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച ഗുജറാത്ത് സ്വദേശി കിരണ്‍ ഭായ് പട്ടേലിന്റെ ഭാര്യ മാലിനി പട്ടേല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണ്‍ ഭായ് പട്ടേലും കേസില്‍ പ്രതിയാണ്. ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജവഹര്‍ ചദ്ദയുടെ സഹോദരന്‍ ജഗദീഷ് ചദ്ദയുടെ വസതി മോടിപിടിപ്പിക്കാനായി 15 കോടി രൂപ വാങ്ങിയ സംഭവത്തിലാണ് മാലിനി പട്ടേലിന്റെ അറസ്റ്റ്.
കിരണ്‍ ഭായ് പട്ടേലിനെതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ കേസാണ് ഇത്. വിശ്വാസ വഞ്ചന, വഞ്ചിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നാലു കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ജഗദീഷ് ചദ്ദയുടെ ഷിലാജ് മേഖലയിലെ വസതി മോടിപിടിപ്പിക്കാനായി കിരണും മാലിനിയും 15 കോടി കഴിഞ്ഞ വര്‍ഷം അവസാനം വാങ്ങിയിരുന്നു. പ്രധാന മന്ത്രിയുടെ ഓഫിസിലെ ക്ലാസ് വണ്‍ ഓഫിസര്‍ ആണെന്നും അഡാനി പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലികളാണ് നിര്‍വഹിക്കുന്നതെന്നും ചദ്ദയെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വസതി മോടികൂട്ടുന്നതിനായി കിരണും മാലിനിയും ഇന്റീരിയര്‍ ഡിസൈനറും ചേര്‍ന്ന് 35 കോടി രൂപ വാങ്ങി. എന്നാല്‍ വീട്ടിലെ ഫര്‍ണിച്ചറും മാറ്റ് സാധനങ്ങളും മൂവരും ചേര്‍ന്ന് കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ ചൈതന്യ മാന്‍ഡിക് പറഞ്ഞു. 

Eng­lish Sum­ma­ry: finan­cial fraud; Kiran Bhai Patel’s wife was also arrested

You may also like this video

Exit mobile version