Site iconSite icon Janayugom Online

ഗുജറാത്തില്‍ സാമ്പത്തിക ക്രമക്കേട് വ്യാപകം; സിഎജി റിപ്പോര്‍ട്ട്

ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). ധനകാര്യ കമ്മിഷന്‍ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ കുത്തഴിഞ്ഞ സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി കുറ്റപ്പെടുത്തുന്ന പരാമര്‍ശമുള്ളത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളിലെ അഴിമതിയും സുതാര്യമില്ലായ്മയും സിഎജി തുറന്നുകാട്ടുന്നു. സഹകരണ ബാങ്കുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ തുടങ്ങി മുഴുവന്‍ വകുപ്പുകളിലും സാമ്പത്തിക ക്രമക്കേട് അരങ്ങ് വാഴുകയാണ്. 

സംസ്ഥാന ധനകാര്യ കമ്മിഷന്‍ പ്രവര്‍ത്തനം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കമ്മിഷന്‍ വഴി പ്രയോജനം ലഭിക്കേണ്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാമ്പത്തിക സ്ഥിതി മോശമയതോടെ നിലച്ച മട്ടിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം കമ്മിഷന്റെ പ്രവര്‍ത്തനം താളംതെറ്റി. 2022–23 സാമ്പത്തിക വര്‍ഷം 64.48 കോടി രൂപയാണ് കമ്മിഷന്‍ അധികമായി ചെലവഴിച്ചത്. മന്ത്രിസഭയുടെ അനുമതിയില്ലതെയാണ് ഭീമമായ തുക വകമാറ്റി ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചായത്ത് ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യമായി ക്രമഹരിതമായി 500 കോടി രൂപ വിനിയോഗിച്ചതില്‍ 61.70 കോടി രൂപ അനധികൃതമായാണ് ചെലവഴിച്ചത്. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് വിനിയോഗത്തിലും അഴിമതി നടന്നു. സംസ്ഥാനത്തിന്റെ പണമിടപാട് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്താത്തതു കാരണം ഖജനാവ് ചോരുകയണ്. 

ധനവിനിയോഗത്തില്‍ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും സംഭവിക്കുന്നുണ്ട്. നിര്‍ഭയ ഫണ്ടിലൂടെ ഇരകളുടെ ബന്ധുക്കള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായ വിതരണത്തിലും അഴിമതിയും ക്രമക്കേടും സംഭവിച്ചു. ഇതില്‍ 25 കോടി രൂപ യഥാസമയം വിതരണം ചെയ്യാതെ പാഴാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനും ശക്തമായ സംവിധാനം രൂപീകരിക്കണമെന്നും സിഎജി പറയുന്നു. 

Exit mobile version