കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി നാലു സുപ്രധാന ഘടകങ്ങള്‍ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. സര്‍വീസ് മേഖലയിലെ നിര്‍മ്മിത ബുദ്ധി വ്യാപനം- ഊര്‍ജ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച — സാങ്കേതിക തൊഴില്‍ ശക്തിയുടെ അഭാവം എന്നിവയാണ് ജിഡിപി വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളിയെന്ന് ദി ഇന്ത്യന്‍ എക്കോണമി- എ റിവ്യൂ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യം 2030 ന് മുമ്പ് ഏഴ് ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സേവനമേഖലയിലെ തൊഴില്‍ രംഗത്ത് നിര്‍മ്മിത ബുദ്ധി (എഐ) കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഭൗമ രാഷ്ട്രീയ‑സാങ്കേതിക, സാമൂഹ്യ‑പദ്ധതി അനുബന്ധ വിഷയങ്ങളില്‍ രാജ്യം കടുത്ത പ്രതിസന്ധി നേരിടും. നിര്‍ദിഷ്ട ലക്ഷ്യം കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമം പാളുന്നത് സാമ്പത്തിക രംഗത്തും തിരിച്ചടി സൃഷ്ടിക്കും.
രാജ്യത്ത് ഗുണമേന്‍മയുള്ള തൊഴില്‍ ശക്തിയുടെ അഭാവം വ്യവസായ വളര്‍ച്ചയുടെ ആക്കം കുറയ്ക്കും. സാങ്കേതിക പരിജ്ഞാനം സിദ്ധിച്ച ആഭ്യന്തര തൊഴില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാത്ത പക്ഷം വ്യാവസായിക മേഖലയിലും വളര്‍ച്ച മുരടിക്കും. 2024 ‑25 സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രവചനം.
സാമ്പത്തിക സര്‍വേ ഉണ്ടാകില്ല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ ഈ വര്‍ഷം ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ സര്‍ക്കാരിന് മാറ്റമുണ്ടായാല്‍ അത് ബജറ്റ് നടപടികളെ ബാധിച്ചേക്കും എന്നതിനാലാണ് സര്‍വേ റിപ്പോര്‍ട്ട് ഒഴിവാക്കുന്നത്. പകരം കഴിഞ്ഞ 10 വര്‍ഷത്തെ ഇന്ത്യയുടെ സമ്പദ്ഘടന പ്രതിപാദിച്ചുകൊണ്ട് ‘ഇന്ത്യൻ സാമ്പത്തിക രംഗം-ഒരു വിലയിരുത്തല്‍’ എന്ന പേരില്‍ അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ ഓഫിസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് സാമ്പത്തിക സര്‍വേയും തയ്യാറാക്കുക. ബജറ്റിന് ഒരു ദിവസം മുമ്പാണ് കേന്ദ്ര ധനമന്ത്രി സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ അവതരിപ്പിക്കുക.
English Summary: Financial review released; Challenges in GDP growth
You may also like this video