കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏഴ് ശാസ്ത്ര‑പരിസ്ഥിതി മന്ത്രാലയങ്ങളിലും അവയുടെ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ സാമ്പത്തിക ക്രമക്കേടുകളും നടത്തിപ്പ് വീഴ്ചകളും നടന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കഴിഞ്ഞ മാസം പാർലമെന്റിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് അറ്റോമിക് എനർജി, കാലാവസ്ഥാ വകുപ്പ് തുടങ്ങിയ സുപ്രധാന മേഖലകളിലെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്.
അറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ‘ബോർഡ് ഓഫ് റേഡിയേഷൻ ആൻഡ് ഐസോടോപ്പ് ടെക്നോളജി’ നേരിടുന്ന പ്രതിസന്ധികൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഉപഭോക്താക്കളിൽ നിന്ന് ഉല്പന്നങ്ങളുടെ പണം ഈടാക്കുന്നതിൽ ബിആർഐടി പരാജയപ്പെട്ടു. 2024 സെപ്റ്റംബർ വരെ 152.47 കോടി രൂപയുടെ കുടിശികയാണ് ഇനിയും ലഭിക്കാനുള്ളത്. എക്സൈസ് തീരുവ, സേവന നികുതി തുടങ്ങിയവ കൃത്യമായി പാലിക്കാത്തതിനാൽ പിഴയും പലിശയും ഉൾപ്പെടെ 62.04 കോടി രൂപയുടെ അധിക ബാധ്യത സ്ഥാപനത്തിനുണ്ടായി.
2015–16 വരെയുള്ള അക്കൗണ്ടുകൾ കൃത്യമായി തയ്യാറാക്കിയിട്ടില്ലാത്തതിനാൽ സ്ഥാപനത്തിന്റെ കൃത്യമായ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ സാധിക്കില്ലെന്ന് സിഎജി മുന്നറിയിപ്പ് നൽകുന്നു. റേഡിയോ ആക്ടീവ് ഐസോടോപ്പുകൾക്ക് പരിശോധന സർട്ടിഫിക്കറ്റുകൾ നൽകുന്നത് അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സ്വകാര്യ വിമാനത്താവള ഓപ്പറേറ്റർമാരിൽ നിന്ന് ഈടാക്കേണ്ട 7.28 കോടി രൂപയുടെ കാലാവസ്ഥാ നിരക്കുകളും നികുതികളും ഈടാക്കുന്നതിൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
നിർമ്മാണ അനുമതികളും കൈവശാവകാശ രേഖകളും ഇല്ലാതെ കെട്ടിടങ്ങൾ ഉപയോഗിച്ചതിന് ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇന്‍കോയിസ്) 1.58 കോടി രൂപ പിഴയായി ഒടുക്കേണ്ടി വന്നു.2013 നവംബർ മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് ചട്ടവിരുദ്ധമായി അധിക ഇൻക്രിമെന്റുകൾ നൽകിയതുവഴി 8.92 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായും കണ്ടെത്തി.
പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായിട്ടുണ്ട്. 2003 മുതൽ 2023 വരെയുള്ള കാലയളവിൽ ഒൻപതോളം പ്രധാന പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ബിആർഐടിക്ക് കഴിഞ്ഞില്ല. ഹെവി വാട്ടർ ബോർഡിൽ കോടികൾ ചെലവിട്ട് നടപ്പിലാക്കിയ ഇൻഫർമേഷൻ ടെക്നോളജി സംവിധാനങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണെന്നും സിഎജി ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിലെ ഇത്തരം അനാസ്ഥകൾ പൊതുപണത്തിന്റെ ദുരുപയോഗമാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കേന്ദ്ര ശാസ്ത്ര‑പരിസ്ഥിതി വകുപ്പുകളിൽ കോടികളുടെ സാമ്പത്തിക വീഴ്ച; സിഎജി റിപ്പോർട്ട് പുറത്ത്

