Site iconSite icon Janayugom Online

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിഴ

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിഴയീടാക്കുമെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കേരള പൊലീസ് അറിയിപ്പ്. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.

ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരും.
ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണവര്‍ക്ക്. ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരെയും നാം കാണാറുണ്ട്.

അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍ ഉപയോഗിക്കേണ്ടത് എന്നാല്‍ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാള്‍ ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘ നേരം അമിത ഹോണ്‍ ചെവിയില്‍ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ അല്ലെങ്കില്‍ വാഹനം ഓടിക്കുന്ന നമ്മള്‍ക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ മാത്രം ഹോണ്‍ മുഴക്കുക.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരം താഴെ പറയും പ്രകാരം ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്:
1. അനാവശ്യമായും / തുടര്‍ച്ചയായും / ആവശ്യത്തിലധികമായും ഹോണ്‍ മുഴക്കുന്നത്.
2. നോ ഹോണ്‍ (No Horn) എന്ന സൈന്‍ ബോര്‍ഡ് വെച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നത്.
ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ.

Eng­lish sum­ma­ry; Fine for unnec­es­sary honking

You may also like this video;

Exit mobile version