സിംബാബ്‌വെയ്ക്കെതിരായ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. സിംബാബ്‌വെ മുന്നോട്ട് വച്ച 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25. 1 ബോളില്‍ അഞ്ച് വിക്കറ്റ് ബാക്കിനിര്‍ത്തി മറികടക്കുകയായിരുന്നു. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കളിയിലെ താരമായതും സഞ്ജു തന്നെയാണ്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2–0ന് മുന്നിലെത്തി.
ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം ജയം നേടിയെങ്കിലും ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി. ഏഷ്യാ കപ്പിന് മുമ്പ് ബാറ്റിങ് പരിശീലനം ലക്ഷ്യമിട്ട് ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ രണ്ടാം ഓവറില്‍ ഒരു റണ്ണുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയെ ആശങ്കയൊന്നുമില്ലാതെ മുന്നോട്ടു നയിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചു കളിച്ച ധവാന്‍ 21 പന്തില്‍ 33 റണ്‍സെടുത്തെങ്കില്‍ ടീം സ്കോര്‍ 50 കടകും മുമ്പെ മടങ്ങി. തനക ചിവാങയാണ് ധവാനെ മടക്കിയത്.
ഇഷാന്‍ കിഷന്‍ തന്റെ മോശം പ്രകടനം തുടരുകയാണ്. നാലാമനായി ക്രീസിലെത്തിയ ഇഷാന്‍ 13 പന്തില്‍ ആറ് റണ്‍സാണ് നേടിയത്. ലൂക് ജോങ്വെ ഇഷാനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. ഇന്ത്യയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി വിറപ്പിക്കുന്ന ബൗളിങ്ങാണ് ആതിഥേയര്‍ കാഴ്ചവച്ചത്. എന്നാല്‍ അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ദീപക് ഹൂഡയും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്സടിച്ചുകൊണ്ടാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സഞ്ജു 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാക്കൂറായിരുന്നു കൂടുതല്‍ അപകടകാരി. സിംബാബ്‌വെക്കായി സീന്‍ വില്യംസ് (42), റ്യാന്‍ ബേള്‍ (39 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങാനായത്. സ്കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായ സിംബാബ്‌വെക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
English Summary:Finisher Sanju; India won by five wickets
You may also like this video