Site iconSite icon Janayugom Online

ഫിൻലന്‍ഡ്- സ്വീഡന്‍ നാറ്റോ അംഗത്വം; അതിര്‍ത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് റഷ്യ

ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുകയാണെങ്കിൽ ബാൾട്ടിക് മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്താൻ നിർബന്ധിതരാകുമെന്നറിയിച്ച് റഷ്യ. ഫിൻലൻഡോ സ്വീഡനോ നാറ്റോയിൽ ചേരാൻ തീരുമാനിച്ചാൽ ബാൾട്ടിക് രാജ്യങ്ങൾക്കും സ്കാൻഡിനേവിയയ്ക്കും സമീപം റഷ്യ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് മുൻ റഷ്യൻ പ്രസിഡന്റും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വഡേവ് മുന്നറിയിപ്പ് നൽകി. 

സഖ്യത്തിലേക്കുള്ള ഇരു രാജ്യങ്ങളുടെയും പ്രവേശനം നാറ്റോ അംഗങ്ങളുമായുള്ള റഷ്യയുടെ അതിർത്തിയുടെ ഇരട്ടിയിലധികം വരുമെന്നും സ്വാഭാവികമായും, ഈ അതിർത്തികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മെദ്‌വഡേവ് പറഞ്ഞു. സെെനിക സഖ്യത്തില്‍ ചേരാനുള്ള നീക്കങ്ങ‍ള്‍ ആരംഭിച്ചപ്പോള്‍ തന്നെ, തീരുമാനം മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‍കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ബാള്‍ട്ടിക് മേഖലയില്‍ റഷ്യ ഇതിനകം തന്നെ ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് മെദ്‌വഡേവിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ ലിത്വാനിയന്‍ പ്രതിരോധ മന്ത്രി അർവിദാസ് അനുസ്വാസ്കസ് പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് മുമ്പ് തന്നെ, ബാൾട്ടിക് കടലിലെ റഷ്യയുടെ കലിനിൻഗ്രാഡ് എക്‌സ്‌ക്ലേവിൽ ആണവായുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അർവിദാസ് ആരോപിക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തിനും മേഖലയിലെ രാജ്യങ്ങൾക്കും ഇതിനെക്കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ അംഗങ്ങളായ ലിത്വാനിയയ്ക്കും പോളണ്ടിനും ഇടയിലാണ് ബാൾട്ടിക് കടലിന്റെ തീരത്തുള്ള റഷ്യയുടെ കലിനിൻഗ്രാഡ് എക്‌സ്‌ക്ലേവ്.

Eng­lish Summary;Finland-Sweden join NATO; Rus­sia says it will strength­en bor­der defenses
You may also like this video

Exit mobile version