Site iconSite icon Janayugom Online

റിസോര്‍ട്ട് നിർമ്മാണ സ്ഥലത്ത് തീപിടുത്തം; ആറ് മരണം

ദക്ഷിണ കൊറിയയിലെ തുറമുഖ നഗരമായ ബുസാനിലെ ഒരു റിസോർട്ട് നിർമ്മാണ സ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചതായി
റിപ്പോര്‍ട്ട്. അഗ്നിശമന ഏജൻസിയുടെ കണക്കനുസരിച്ച്, ഏകദേശം 100 തൊഴിലാളികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. തൊണ്ണൂറോളം അഗ്നിശമന
സേനാംഗങ്ങളെയും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ 10:20 ഓടെയാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഹൃദയാഘാതത്തെ തുടർന്ന് ആറ് പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും പിന്നീട് മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സിംഗപ്പൂരിലെ ആഡംബര ഹോട്ടലും റിസോർട്ട് ശൃംഖലയുമായ ബനിയൻ ട്രീയുടേതാണ് നിർമ്മാണത്തിലിരിക്കുന്ന ഹോട്ടൽ.

ബുസാനിൽ സമീപ ആഴ്ചകളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. ജനുവരി 28 ന്, ബുസാനിലെ ഗിംഹെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ബുസാൻ വിമാനത്തിന് തീപിടിച്ചിരുന്നു. വിമാനത്തിന്റെ ഓവർഹെഡ് ക്യാബിനിൽ സൂക്ഷിച്ചിരുന്ന ഒരു പോർട്ടബിൾ ബാറ്ററി പായ്ക്കായിരുന്നു തീപിടിത്തത്തിന് കാരണമായത്.

Exit mobile version