പാകിസ്ഥാനിലെ കറാച്ചിയിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. എം എ ജിന്നാ റോഡ് പ്രദേശത്തെ ഗുൽ പ്ലാസയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടകളിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകള്‍ നിലയിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ കെട്ടിടം ഏതാണ്ട് പൂർണമായും തകർന്നു. തെക്കൻ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനവും പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരവുമായ കറാച്ചിയിൽ നിരവധി തീപിടിത്ത സംഭവങ്ങളുണ്ടാകാറുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിയമവിരുദ്ധമായ നിർമ്മാണങ്ങളുമാണ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
2024ൽ, പ്രധാന റോഡുകളിൽ സ്ഥിതി ചെയ്യുന്ന 266 ഷോപ്പിങ് മാളുകളിലും വാണിജ്യ കെട്ടിടങ്ങളിലും ആറെണ്ണത്തിൽ മാത്രമേ ശരിയായ അഗ്നി സുരക്ഷാ നടപടികൾ ഉണ്ടായിരുന്നുള്ളൂവെന്നും 62 ശതമാനത്തിൽ അടിയന്തര എക്സിറ്റുകൾ ഇല്ലെന്നും 70 ശതമാനത്തിൽ നിലവാരമില്ലാത്ത വൈദ്യുത സംവിധാനങ്ങളുണ്ടെന്നും സർക്കാർ ഓഡിറ്റിൽ കണ്ടെത്തി.

