വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തിൽ 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ അഗ്നിശമന സേനയുടെയും പൊലീസിൻറെയും ഉദ്യോഗസ്ഥർ തീയണക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സംഭവസ്ഥലത്തേക്ക് വാട്ടർ ഹോസ് കൊണ്ടുവരുന്നതും തീയിൽ വെള്ളം ഒഴിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
പൊലീസിനും റെയില്‍വെ പൊലീസിനുമൊപ്പം 12 ഓളം അഗ്നിശമന സേനാ വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് തീ അണച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.