Site iconSite icon Janayugom Online

അഹമ്മദാബാദില്‍ നിര്‍മാണത്തിലിരിക്കുന്ന സബര്‍മതി ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷനില്‍ തീപിടുത്തം

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍മാണത്തിലിരിക്കുന്ന സബര്‍മതി ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷനില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ 6:30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചു. പതിമൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. താല്‍ക്കാലിക ഷട്ടറിങ് ജോലികളുടെ ഭാഗമായി വെല്‍ഡിങ് ചെയ്യുന്നതിനിടയിലുണ്ടായ തീപ്പൊരിമൂലമാകാം തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്‍ എച്ച് എസ് ആര്‍ സി എല്ലിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. 

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത് സബര്‍മതിയിലാണ്. അത്യാധുനിക ഡിസൈന്‍ ഉപയോഗിച്ച് ജാപ്പനീസ് സര്‍ക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമാണ് സബര്‍മതി സ്‌റ്റേഷന്‍. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബിലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, നാദിയാദ്, അഹമ്മദാബാദ്, സബര്‍മതി എന്നിവിടങ്ങളിലായി 12 സ്‌റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.

Exit mobile version