Site iconSite icon Janayugom Online

ടാറ്റാനഗർ — എറണാകുളം എക്സ്പ്രസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ടാറ്റാനഗർ — എറണാകുളം എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 70 വയസുള്ള ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.
ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനില്‍ ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെ 12:45 ഓടെയായിരുന്നു സംഭവം. അനകപ്പള്ളി, യെലമഞ്ചിലി, നക്കപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകളോളം പരിശ്രമിച്ചു.
ബി1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് എം2 കോച്ചിലേക്കും പടരുകയായിരുന്നു. രാത്രിയായതിനാൽ യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊരു കോച്ചിൽ 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ബി 1 കോച്ചില്‍ യാത്ര ചെയ്തയാളാണ് മരിച്ചത്. രണ്ട് കോച്ചുകളിലെയും യാത്രക്കാരുടെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.
കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപെടുത്തിയ ശേഷം എറണാകുളത്തേക്കുള്ള യാത്ര തുടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സൗത്ത് സെൻട്രൽ റെയിൽവേയുടെ (എസ്‌സി‌ആർ) വിജയവാഡ ഡിവിഷൻ അറിയിച്ചു. 

Exit mobile version