മണിപ്പുരില്‍ തീപ്പിടിത്തമുണ്ടായതോടെ സഹായത്തിനായി അതിര്‍ത്തി കടന്നെത്തി മ്യാന്മറില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍. ശനിയാഴ്ച തെങ്‌നൗപാല്‍ ജില്ലയില്‍ പത്തുവീടുകളാണ് തീപ്പിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണയ്ക്കുന്നതിന് മണിപ്പുരില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാനായി അതിര്‍ത്തി കടന്ന് സംഘമെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണിപ്പുരിലെ അതിര്‍ത്തി പട്ടണമായ മോറേയിലെ വാര്‍ഡ് 5ല്‍ രാവിലെ 11 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല.
തീ വേഗത്തില്‍ പടര്‍ന്നെന്നും തങ്ങളുടെ അഗ്നിശമന സേനയ്ക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്മറില്‍നിന്നുള്ള സഹായ സംഘം എത്തിയില്ലായിരുന്നെങ്കില്‍ മോറേയിലെ സ്ഥിതി ഇതിലും വഷളാവുമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തീപ്പിടിത്തമുണ്ടായ വീടുകളിലെ താമസക്കാരെ മുഴുവന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. കരമാര്‍ഗം വിദേശ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു മോറേ. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് 9ന് ഇന്തോ-മ്യാന്മര്‍ സൗഹൃദകവാടം അടച്ചു.

