Site iconSite icon Janayugom Online

തലശേരിയിലെ തീപിടിത്തം: പ്ലാസ്റ്റിക് യൂണിറ്റിൽ കനത്ത നാശനഷ്ടം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിലും ആക്രിക്കടയിലുമുണ്ടായ ശക്തമായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സ് ഇപ്പോഴും ശ്രമം തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. രാത്രി വൈകിയും എട്ട് യൂണിറ്റുകൾ എത്തി കിണഞ്ഞു പരിശ്രമിച്ചിട്ടും കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉള്ളിൽ നിന്ന് കത്തുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. പ്രദേശമാകെ കറുത്ത വിഷപ്പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പുറത്തെ തീ ഭാഗികമായി നിയന്ത്രിക്കാൻ സാധിച്ചെങ്കിലും പ്ലാസ്റ്റിക് കൂനയ്ക്കുള്ളിൽ കനലുകൾ ബാക്കിയുള്ളതാണ് തീ പൂർണ്ണമായും അണയ്ക്കാൻ തടസ്സമാകുന്നത്. പ്ലാസ്റ്റിക് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ തീ താഴെത്തട്ടിലേക്ക് പടരുകയാണ്. ഫയർഫോഴ്സ് യൂണിറ്റുകൾ തുടർച്ചയായി വെള്ളമൊഴിക്കുന്നുണ്ടെങ്കിലും പുക ഉയരുന്നത് പരിസരവാസികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. തീ പൂർണ്ണമായും അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമനസേന.

Exit mobile version