പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ഡല്‍ഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവ്.
വധഭീഷണി ഉണ്ടെന്ന നൂപുർ ശർമയുടെ വാദം കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ഡല്‍ഹി പൊലീസിന് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർഡിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഇതേ ആവശ്യത്തില്‍ നൂപുര്‍ ശര്‍മക്കെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഡല്‍ഹിക്ക് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നൂപുറിനെതിരെ പരാതികൾ നൽകിയിരുന്നു. കേസുകളിൽ നൂപുറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടിയിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ എടുക്കുന്ന കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാൻ അനുവാദം വേണമെന്ന നൂപുറിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
English Summary: FIRs against Nupur Sharma transferred to Delhi
You may like this video also