പൊതുവിദ്യാഭ്യാസരംഗത്ത് നിർമ്മിത ബുദ്ധിയുടെയും (എഐ) റോബോട്ടിക്സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ചുവടുവയ്പുകളുമായി പുറത്തൂര്‍ ജിയുപി സ്കൂള്‍. സംസ്ഥാനത്തെ ആദ്യ സർക്കാർ എഐ റോബോട്ടിക് ലാബ് മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജിയുപി സ്കൂളില്‍ ഒരുങ്ങി. ഡോ. കെ ടി ജലീൽ എംഎൽഎ ഇന്ന് ഉദ്ഘാടനം ചെയ്യും. 18 ലക്ഷം രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ ക്ലാസ് മുറി പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം ലഭിക്കും. ആദ്യഘട്ടത്തിൽ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എഐയുടെ അടിസ്ഥാന പാഠങ്ങൾ നൽകും. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഇത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളിൽ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര ശേഷിയും വളർത്താൻ സഹായിക്കും.
നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ (നന്മ) കൂട്ടായ്മയാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ലാബിന്റെ നിർമ്മാണവും സാങ്കേതികസഹായവും നൽകിയത് തിരൂർ ആസ്ഥാനമായുള്ള കൊക്കോസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. അവര്‍ അധ്യാപകർക്ക് പരിശീലനം നൽകി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് കൊക്കോസിന്റെ പ്രവർത്തനം. ജിയുപിഎസ് പുറത്തൂർ വെൽഫെയർ കമ്മിറ്റി ചെയർമാൻ സി പി കുഞ്ഞിമൂസയുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മികച്ച സ്കൂളിനുള്ള നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഈ വിദ്യാലയത്തിന് ഇത് മറ്റൊരു പൊൻതൂവലായി മാറുകയാണ്.

