Site iconSite icon Janayugom Online

വോട്ട് കൊള്ളയിൽ ആദ്യ അറസ്റ്റ്; കർണാടകയിൽ പിടിയിലായത് പശ്ചിമ ബം​ഗാൾ സ്വദേശി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ (വോട്ട് കൊള്ള) ആരോപണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ ക്രമക്കേടിൽ പശ്ചിമ ബംഗാൾ നാഡിയ സ്വദേശിയായ ബാപി ആദ്യയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2023ൽ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റിയെന്ന കോൺഗ്രസ് സ്ഥാനാർത്ഥി ബി ആർ പാട്ടീലിന്റെ പരാതിയിലാണ് നടപടി. 2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിന്റെ ആവശ്യപ്രകാരം വോട്ടർ പട്ടികയിൽ നിന്ന് ആളുകളുടെ പേര് നീക്കം ചെയ്യാനായി പ്രവർത്തിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഓരോ വോട്ടും നീക്കം ചെയ്യാനുള്ള ഒ ടി പി ബിജെപി നേതാവിന്റെ ഡാറ്റാ സെൻ്ററിൽ എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. ഇതിനായി പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചെന്നും എസ് ഐ ടി കണ്ടെത്തി. ഓരോ ഒ ടി പിക്കും 700 രൂപ വീതം ഈടാക്കിയാണ് വോട്ട് നീക്കം ചെയ്തിരുന്നത്. പണമിടപാടിന്റെ തെളിവുകൾ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ്. 

നിരന്തരം 700 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വ്യാജ വോട്ടർ ഐ ഡി കാർഡുകളും ഫോൺ നമ്പറുകളും ഉപയോഗിച്ച് നിയമവിരുദ്ധമായാണ് ഇയാൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പ്രവേശിച്ചതെന്നും ഇത്തരത്തിൽ 3000ലേറെ വോട്ടുകൾ നീക്കിയിട്ടുണ്ടെന്നുമാണ് പരാതി. മൊബൈൽ റിപ്പയറിങ് കട നടത്തുന്ന പ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് ഒ ടി പി സ്വീകരിച്ച് വോട്ടുകൾ വെട്ടിമാറ്റിയത്. ഇതിന് മറ്റേതെങ്കിലും സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. 

Exit mobile version