കരിങ്കടലിലെ പുതിയ പാതയിലൂടെ സഞ്ചരിച്ച് രണ്ട് ചരക്ക് കപ്പലുകൾ ഉക്രെയ‍്ന്‍ തുറമുഖത്തെത്തി. ചൊർണോമോർസ്കിൽ തുറമുഖത്താണ് കപ്പലെത്തിയത്. റെസിലന്റ് ആഫ്രിക്ക, അരോയാറ്റ് എന്നീ കപ്പലുകളാണ് ചൊർണോമോർസ്കിൽ എത്തിയത്. കരിങ്കടല്‍ തുറമുഖങ്ങളിലേക്ക് കടക്കാന്‍ താത്കാലിക ഇടനാഴി ഉപയോഗിച്ചെത്തുന്ന ആദ്യത്തെ ചരക്കു കപ്പലുകളാണിത്. ചൊർണോമോർസ്കിൽ എത്തിയ കപ്പൽ വഴി ലോക വിപണിയിലേക്ക് 20,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്യുമെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചു.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയും ഉക്രെയ്നെ കരിങ്കടൽ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധന്യങ്ങൾ കയറ്റി അയയ്ക്കാൻ അനുവദിക്കുകയും ചെയ്യുന്ന കരാറിൽ നിന്ന് ഈ വർഷം ജൂലൈയിൽ റഷ്യ പിന്മാറിയിരുന്നു. ഇത് പിന്നാലെയാണ് ഉക്രെയ‍്ന്‍ ഒരു മാനുഷിക ഇടനാഴി പ്രഖ്യാപിച്ചത്. റൊമാനിയയ്ക്കും ബൾഗേറിയയ്ക്കും സമീപമുള്ള കരിങ്കടലിന്റെ പടിഞ്ഞാറൻ തീരത്തെത്തുന്ന മാരിടൈം കോറിഡോർ ആണ് ഉക്രെയ‍്ന്‍ ഏകപക്ഷീയമായി തെരഞ്ഞെടുത്തത്. ഓഷ്യാനിക് ദ്വീപ് രാഷ്ട്രമായ പലാവുവിന്റെ പതാകയും സ്ഥാപിച്ചാണ് കപ്പലുകള്‍ യാത്ര ചെയ്തത്. ഉക്രെയ‍്ന്‍, തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍, കപ്പലുകൾ ഈജിപ്തിലേക്കും ഇസ്രയേലിലേക്കും ഗോതമ്പ് എത്തിക്കുമെന്ന് ഉക്രെയ്ന്‍ കാർഷിക മന്ത്രാലയം അറിയിച്ചു.
കരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഉക്രെയ്നിലേക്ക് പോകുന്ന സിവിലിയൻ കപ്പലുകളെ സൈനിക ലക്ഷ്യമായി കണക്കാക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും രാസവളങ്ങളുടെയും കയറ്റുമതി അനുവദിക്കുന്ന കരാറിന്റെ ഭാഗങ്ങൾ മാനിച്ചിട്ടില്ലെന്നും പാശ്ചാത്യ ഉപരോധങ്ങൾ സ്വന്തം കാർഷിക കയറ്റുമതിയെ നിയന്ത്രിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് റഷ്യ കരാറിൽ നിന്ന് ഒഴിഞ്ഞത്.
സൂര്യകാന്തി എണ്ണ, ബാർലി, ചോളം, ഗോതമ്പ് തുടങ്ങിയ വിളകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് ഉക്രെയ്ൻ. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിൽ അധിനിവേശം ആരംഭിച്ചപ്പോൾ നാവികസേന രാജ്യത്തെ കരിങ്കടൽ തുറമുഖങ്ങൾ ഉപരോധിച്ചിരുന്നു. കയറ്റുമതിക്കായി ഉദ്ദേശിച്ചിരുന്ന 20 ദശലക്ഷം ടൺ ധാന്യം ഇതോടെ കുടുങ്ങി. പിന്നാലെ ലോകത്ത് ഭക്ഷ്യ വില കുതിച്ചുയരുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുകയും ചെയ്തിരുന്നു.
English Summary: First Cargo Ships Arrive in Ukraine
You may also like this video