Site iconSite icon Janayugom Online

അഗത്തിയില്‍ ആദ്യമായി കസ്റ്റംസ് സ്റ്റേഷന്‍ വരുന്നു

ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കാനുള്ള ചുവടുവെപ്പിന്റെ ഭാഗമായി ദ്വീപിലെ അഗത്തിയില്‍ ആദ്യമായി കസ്റ്റംസ് സ്റ്റേഷന്‍ വരുന്നു. തിങ്കളാഴ്ച കസ്റ്റംസ് സ്റ്റേഷന്റെ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കും, കപ്പലുകള്‍ക്കും ലക്ഷദ്വീപിലേക്ക് നേരിട്ട് എത്താന്‍ കഴിയും.അഗത്തിയിൽ വിമാനത്താവളമുണ്ടെങ്കിലും ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് കസ്റ്റംസ് സ്റ്റേഷൻ വരുന്നതെന്ന് കേരള-ലക്ഷദ്വീപ് കസ്റ്റംസ് ആൻഡ് സിജിഎസ്ടി ചീഫ് കമ്മിഷണർ എസ് കെ റഹ്‌മാൻ പറഞ്ഞു. 

ലക്ഷദ്വീപിനോടുചേർന്ന് അന്താരാഷ്ട്രകപ്പലുകൾ പോവുന്നുണ്ടെങ്കിലും അഗത്തിയിൽ പ്രവേശിക്കാനോ നങ്കൂരമിടാനോ കഴിയില്ല. കസ്റ്റംസ് പരിശോധനയ്ക്ക് സംവിധാനമില്ലാത്തതാണ് അതിനുള്ള പ്രധാനതടസ്സം. കവരത്തിയിലും അഗത്തിയിലും ലക്ഷദ്വീപ് പോലീസ് നിയന്ത്രിക്കുന്ന എമിഗ്രേഷൻകേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. 

തിങ്കളാഴ്ച എല്ലാസൗകര്യങ്ങളോടെയുമുള്ള കസ്റ്റംസ് സ്റ്റേഷൻ പ്രവർത്തനംതുടങ്ങുന്നതോടെ ചരിത്രപരമായ നാഴികക്കല്ലാണ് ലക്ഷദ്വീപ് പിന്നിടുന്നത്. കൂടുതൽ അന്താരാഷ്ട്രകപ്പലുകൾ എത്തുന്നതോടെ ലക്ഷദ്വീപ് ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസംകേന്ദ്രമായി വളരും. കേരളവുമായി ബന്ധമുള്ള പ്രദേശമെന്നനിലയിൽ അന്താരാഷ്ട്രസർവീസുകൾ ആരംഭിക്കുന്നത് കേരളത്തിനും പ്രയോജനംചെയ്യുമെന്ന് കസ്റ്റംസ് ചീഫ് കമ്മിഷണർ പറഞ്ഞു. 

Exit mobile version