Site iconSite icon Janayugom Online

ആര്‍സിബിക്ക് ആദ്യ വീഴ്ച; തലപ്പത്ത് നിന്ന് പടിയിറക്കം

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ മികച്ച തുടക്കത്തിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യ തോല്‍വി വഴങ്ങി. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിക്കെതിരെ വിജയം നേടിയത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ആര്‍സിബി തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. പഞ്ചാബ് കിങ്സാണ് നിലവില്‍ തലപ്പത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമതാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആര്‍സിബി ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഈ കളിയില്‍ ലഭിച്ചത്. വിരാട് കോലി- ഫില്‍ സാള്‍ട്ട് ഓപ്പണിങ് ജോടി തികഞ്ഞ പരാജയമായി മാറി. അര്‍ഷദ് ഖാനാണ് ആര്‍സിബിയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. അതിനുശേഷം മുന്‍ ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ് ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ കോലി (7) വീണു. അര്‍ഷദിന്റെ ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണയാണ് ക്യാച്ചെടുത്തത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ (4) ഒരിക്കല്‍ക്കൂടി പരാജയമായി മാറി. അഞ്ചാം ഓവറില്‍ സാള്‍ട്ടിനെയും (14) വീഴ്ത്തി സിറാജ് ആര്‍സിബിക്കു വീണ്ടും പ്രഹരമേല്പിച്ചു. ഇതോടെ ആര്‍സിബി മൂന്നിന് 35 റണ്‍സിലേക്കും വീണു. ക്യാപ്റ്റന്‍ രജത് പാട്ടിദാറിനും കാര്യമായിയൊന്നുെം ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ മുന്‍ മത്സരങ്ങളില്‍ നിന്നും പരാജയമായി മാറിയ ആര്‍സിബി ബാറ്റിങ് നിരയെയാണ് കണ്ടത്. ലിയാം ലിവിങ്സ്റ്റണ്‍ (54), ജിതേഷ് ശര്‍മ്മ (33), ടിം ഡേവിഡ് (32) എന്നിവരുടെ പ്രകടനമാണ് ആര്‍സിബിയെ മാന്യമായ സ്കോറിലെത്തിച്ചത്.

എന്നാല്‍ ഗുജറാത്ത് ഈ റണ്‍സ് അനായാസം മറികടന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗുജറാത്ത് ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയ തമിഴ്‌നാട് താരം സായ് സുദർശനാണ്, ആർസിബിയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി ടീമിന് വിജയം സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ 74, 63 എന്നിങ്ങനെ സ്കോർ ചെയ്ത സായ് സുദർശൻ, ആർസിബിക്കെതിരെ 36 പന്തിൽ 49 റൺസെടുത്താണ് പുറത്തായത്. ഇതോടെ, സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി ഈ 23കാരൻ. ജോസ് ബട്ലറും (73), ഷെര്‍റഫെയ്ന്‍ റൂഥര്‍ഫോര്‍ഡും (30) പുറത്താകാതെ നിന്ന് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. നേരത്തെ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ആര്‍സിബിയുടെ ആദ്യ തോല്‍വിയാണിത്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോലിക്കും കൂട്ടര്‍ക്കും അടുത്ത മത്സരത്തിലൂടെ മികച്ച തിരിച്ചുവരവ് സാധ്യമാകുമോയെന്ന് കണ്ടറിയണം.

Exit mobile version