Site iconSite icon Janayugom Online

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക്

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണ്. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി മെറ്റബോളിക്ക് ഡൈസ്ഫങ്ഷൻ അസോസിയേറ്റ് സ്റ്റീറ്റോടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

‘ഭക്ഷണം മരുന്നാണ്’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുമെന്ന് ഈ ആശയം ഓര്‍മ്മിപ്പിക്കുന്നു. ഏപ്രില്‍ 19 ആണ് കരള്‍ ദിനമായി ആചരിക്കുന്നത്. ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ സാധാരണമായി കാണപ്പെടുന്നു. രക്ത പരിശോധനാ ലാബുകള്‍, സ്കാനിങ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. ഇത് കൂടാതെ ഒരു അള്‍ട്രാ സൗണ്ട് സ്കാനിങ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്കാന്‍ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അതുപോലെ മറ്റൊരു ഗുരുതര അവസ്ഥയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും ഹെപ്പറ്ററ്റിസ് ബിയും സിയും. ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും മൂന്ന് മാസം കൊണ്ട് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. വളരെയധികം ചെലവുള്ള ഈ ചികിത്സയും ഈ ക്ലിനിക്കുകള്‍ വഴി സൗജന്യമായി ലഭ്യമാണ്.

Exit mobile version