Site icon Janayugom Online

ഇന്ത്യയില്‍ ആദ്യമായി നായയ്ക്ക് ഹൃദയ ശസ്ത്രക്രിയ

ഇന്ത്യയില്‍ ആദ്യമായി നായയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടന്നു. ഡല്‍ഹി മൃഗാശുപത്രിയിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ അരങ്ങേറിയത്. ഏഴു വയസുള്ള ബീഗിള്‍ ജൂലിയറ്റ് എന്ന നായയിലാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഹൃദ്‌രോഗ വിദഗ്ദന്‍ ഡോ. ഭാനു ദേവ് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ബീഗിള്‍ ജൂലിയറ്റ് രണ്ടു വര്‍ഷമായി മിട്രല്‍ വാല്‍വ് എന്ന ഹൃദ്‌രോഗത്തിന് അടിമയായിരുന്നു. രോഗം മൂര്‍ഛിച്ചാല്‍ ഹൃദയ സ്തംഭനം വരെ സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം നായയെ ഡിസ്ചാര്‍ജ് ചെയ്തു. നായകളില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന രോഗമാണ് മിട്രല്‍ വാല്‍വ്. നല്ലൊരു ശതമാനം നായകളുടെ മരണത്തിനും ഈ രോഗം കാരണമാകുന്നുണ്ടെന്ന് ഡോ. ശര്‍മ്മ പറഞ്ഞു. ഒരു വര്‍ഷത്തോളമായി ബീഗിളിന് മരുന്നുകള്‍ നല്‍കിയിരുന്നെങ്കിലും അതൊന്നും രോഗം ശമിപ്പിക്കാന്‍ മാത്രം ഫലപ്രദമായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് നടത്തിയ യുഎസ് സന്ദര്‍ശന വേളയിലാണ് ഇത്തരം ചികിത്സയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളെ കുറിച്ച് ഡോ. ശര്‍മ്മയ്ക്ക് മനസിലാക്കുന്നത്. പിന്നീട് ഇതിനെ കുറിച്ച് കൂടുതലറിയാന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ചൈനയിലെ ഷാന്‍ഗായി സന്ദര്‍ശിച്ചിരുന്നു. നായകളില്‍ ഇത്തരം ശസ്ത്രക്രിയ നടത്തി വിജയിച്ച ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തെയും ഡോക്ടറാണ് ശര്‍മ്മയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ വിജയം പല മൃഗസ്നേഹികള്‍ക്കും പുതുപ്രതീക്ഷ നല്‍കുന്നതാണ്.

Eng­lish Summary:First heart surgery on dog in India
You may also like this video

Exit mobile version