വ്യോമസേനാ വാര്‍ഷിക യോഗത്തില്‍ നിന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വിട്ടുനിന്നു. 1989ൽ നേതൃത്വം ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് ഖമനേയി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. ഖമനേയിക്ക് പകരം സായുധ സേനാ മേധാവി അബ്ദുൾറഹീം മൗസവിയാണ് വ്യോമസേനാ കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയത്.
1979 ഫെബ്രുവരി എട്ടിന് ഒരു സംഘം വ്യോമസേനാ ഉദ്യോഗസ്ഥർ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനും ഖമനേയിയുടെ മുൻഗാമിയുമായ റുഹൊല്ല ഖൊമേനിയോട് വിശ്വാസപ്രഖ്യാപനം നടത്തിയതിന്റെ വാര്‍ഷികമായാണ് വ്യോമസേനാ കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നത്. വ്യോമസേനാ ഉദ്യോഗസ്ഥരും കമാൻഡർമാരും എല്ലാ വർഷവും ഫെബ്രുവരി എട്ടിന് പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തും. പരമോന്നത നേതാവായതിനു ശേഷം ഖമനേയിയും പതിവ് തെറ്റിച്ചിട്ടില്ല. കോവിഡ് കാലത്തും വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
യുഎസും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഖമനേയിയുടെ അഭാവം. യുഎസ് ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിന്നതെന്നാണ് വിലയിരുത്തല്‍. ഖമനേയിക്ക് പകരം സായുധ സേനാ മേധാവിയെ അയയ്ക്കാനുള്ള തീരുമാനം ഇറാൻ നേതൃത്വം തന്ത്രപരമായ ജാഗ്രതയ്ക്ക് മുൻഗണന നൽകുന്നുവെന്നതിന്റെ സൂചനയാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

