Site iconSite icon Janayugom Online

ചരിത്രമെഴുതി എല്‍ദോസ്; ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കുറിച്ച് മലയാളി ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോള്‍. പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായാണ് 25 കാരനായ താരത്തിന്റെ ഫൈനല്‍ പ്രവേശനം. 

ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തില്‍ 16.34 മീറ്ററും. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കരിയറിലെ മികച്ച 16.99 മീറ്റര്‍ ചാടി റെക്കോഡിടാന്‍ എല്‍ദോസിനായിരുന്നു. എല്‍ദോസിനെക്കൂടാതെ ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരും ഇന്ത്യക്കു വേണ്ടി മത്സരിച്ചിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും ഫൈനലിലേക്കു മുന്നേറാനായില്ല. നാളെ രാവിലെ 6.50നാണ് എല്‍ദോസ് മാറ്റുരയ്ക്കുന്ന ട്രിപ്പിള്‍ ജമ്പ് ഫൈനല്‍ ആരംഭിക്കുന്നത്.

Eng­lish Summary:First Indi­an play­er to reach finals in triple jump
You may also like this video

Exit mobile version