Site iconSite icon Janayugom Online

പ്രഥമ കേരള ഗെയിംസ്; ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്തിന്

പ്രഥമ കേരള ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം ജില്ലാ ടീമിന്. 78 സ്വര്‍ണവും 67 വെള്ളിയും 53 വെങ്കലവുമുള്‍പ്പെടെ 198 പോയിന്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായത്. 39 സ്വര്‍ണവും 38 വെള്ളിയും 30 വെങ്കലവുമുള്‍പ്പെടെ 107 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 26 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമായി 64 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. 

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. കേരള ഗെയിംസിലെ വിജയികള്‍ ഭാവിയില്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മെഡലുകള്‍ നേടാന്‍ കഴിയട്ടെ എ­ന്ന് ഗവര്‍ണര്‍ ആശംസിച്ചു. കേരള സ്‌കൂള്‍ ഗെയിംസില്‍ മികവ് തെളിയിക്കുന്ന 30 കായിക വിദ്യാര്‍ത്ഥികളെ ദത്ത് എടുക്കാനുളള ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. 

രണ്ടാം കേരള ഗെയിംസിന് തൃശൂര്‍ വേദിയാകും. 2024–25 വര്‍ഷത്തിലാകും രണ്ടാം കേരള ഗെയിംസ് സംഘടിപ്പിക്കുക. വിവിധ ഇനങ്ങളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ ഗവര്‍ണര്‍ ഉള്‍പ്പടെ മറ്റു വിശിഷ്ടാതിഥികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍ അനില്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ശശിതരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ് രാജീവ്, ട്രഷറര്‍ എം ആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ എസ് ബാലഗോപാല്‍,കേരള സ്പോട്സ് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ് എസ് സുധീര്‍ ‚സിബിഎസ്ഇ സ്‌കൂള്‍ ദേശീയ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു. സമാപനച്ചടങ്ങിന് ശേഷം ചാരുഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറി.

Eng­lish Sum­ma­ry: First Ker­ala Games; Thiru­vanan­tha­pu­ram wins over­all championship
You may also like this video

Exit mobile version