Site icon Janayugom Online

കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പൊന്നായി; ആദ്യഘട്ട നിയമനങ്ങള്‍ പൂര്‍ത്തിയായി

appointments

കേരളത്തിന്റെ ഖ്യാതി വാനിലുയര്‍ത്തിയ കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാക്ക് പൊന്നായി. ഇതുവരെ 24 പേര്‍ക്ക് ജോലി നല്‍കി കായിക കേരളത്തിന്റെ തൊപ്പിയില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ് ഇച്ഛാശക്തിയുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍.
2010 മുതല്‍ 14 വരെയുള്ള അവശേഷിക്കുന്ന 71 ഒഴിവുകളില്‍ 24 പേരെ നിശ്ചിതകാലയളവിനുള്ളില്‍ നിയമിക്കുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ 2021 ഡിസംബറില്‍ സമരം ചെയ്ത കായികതാരങ്ങള്‍ക്ക് മന്ത്രി വി അബ്ദുറഹ്മാന്‍ ഉറപ്പു നല്‍കിയിരുന്നു. മറ്റുള്ള അര്‍ഹരായ കായികതാരങ്ങളുടെ നിയമനവുവായി ബന്ധപ്പെട്ട് പഠിക്കാന്‍ ഏഴംഗ കമ്മിഷനെ ചുമതലപ്പെടുത്തുകയും ഉണ്ടായി. കമ്മിഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ സത്വരനടപടിക്കുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
കായികതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കിയാണ് നിയമനം നല്‍കിയിരിക്കുന്നത്. ബിഎഡ് യോഗ്യതയുള്ള മൂന്നുപേര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപകരായും മറ്റുള്ളവര്‍ക്ക് വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്കായുമാണ് നിയമനം.
2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ കായികതാരങ്ങള്‍ക്കായി പ്രഖ്യാപിച്ച 249 ഒഴിവുകളില്‍ 195 പേരുടെ നിയമനം 2019 ല്‍ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് ജോലി നല്‍കുന്നതിനായി 2020 ഡിസംബര്‍ 21ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേന്ദ്രസര്‍വീസിലും മറ്റു സംസ്ഥാനങ്ങളിലുമായി ജോലി ലഭിച്ച കായികതാരങ്ങളെ ഒഴിവാക്കി അവശേഷിക്കുന്നവരാണ് ഇന്നലെയോടെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായത്.
കായികതാരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമാണ് അവര്‍ക്ക് ജോലി നല്‍കിയതിലൂടെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും കായികവകുപ്പ് ഇക്കാര്യത്തില്‍ കാണിച്ച ആത്മാര്‍ത്ഥമായ സമീപനം ഏറെ ശ്ലാഘനീയമാണെന്നും ജോലിക്കായി കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ മുന്‍കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത് ജനയുഗത്തോട് പ്രതികരിച്ചു.
സമരം ചെയ്തവര്‍ക്ക് മന്ത്രി നല്‍കിയ വാക്ക് ഭാഗികമായി പാലിക്കപ്പെട്ടിരിക്കുന്നു. കായികതാരങ്ങള്‍ എക്കാലവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയെ നന്ദിയോടെ സ്മരിക്കുമെന്നും അര്‍ഹരായ മറ്റുള്ളവര്‍ക്കുകൂടി എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ സഹായഹസ്തം ലഭ്യമാകുമെന്ന് ഉറപ്പാണെന്നും പ്രമോദ് പറഞ്ഞു. 

Eng­lish Sum­ma­ry: Gov­ern­men­t’s promise to ath­letes turns to gold; first phase appoint­ments completed

You may like this video also

Exit mobile version