Site icon Janayugom Online

ഗുജറാത്തില്‍ ഒന്നാംഘട്ടം: പോളിങ് 59.2 ശതമാനം

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ശരാശരി പോളിങ്. 59.2 ശതമാനമായിരുന്നു പോളിങ്. ആദ്യഘട്ടത്തിൽ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ ഗുജറാത്തിലെ ആദിവാസി മേഖലയായ തപി, നര്‍മ്മദ ജില്ലകളില്‍ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. അതിനിടെ, സൗരാഷ്ട്രയിലെ 50 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്‌വി മത്സരിക്കുന്ന ഖംബാലിയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബിജെപിക്കായി ജനവിധി തേടുന്ന ജാംനഗറിലും 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും ഇന്നലെ പോളിങ് നടന്നു. പ്രതിപക്ഷമായ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര–കച്ച് മേഖലയിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നു. മേഖലയില്‍ തുടക്കം മുതല്‍ മന്ദഗതിയിലായിരുന്നു പോളിങ്. 

പിന്നാക്ക, പട്ടേല്‍ വിഭാഗങ്ങളുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രയിലെ പട്ടേല്‍ പ്രക്ഷോഭമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയായത്. ഇത്തവണ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേൽ ഉള്‍പ്പെടെ ഒപ്പമാണെന്ന ആശ്വാസത്തിലാണ് ബിജെപി. എന്നാൽ, സൗരാഷ്ട്രയിലെ സ്വാധീനം തുടരുന്നുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളുടെ അതൃപ്തിയും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. ഡല്‍ഹിക്കും പഞ്ചാബിനും സമാനമായി സൗജന്യ വാഗ്ദാനങ്ങളുമായി ആദിവാസി മേഖലകളിലടക്കം പിടിമുറുക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പ് അഞ്ചിന് നടക്കും. എട്ടിനാണ് വോട്ടെണ്ണൽ. 

Eng­lish Summary:First phase elec­tion in Gujarat: Polling 59.2 percent
You may also like this video

Exit mobile version