ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പുലർച്ചെ പല ബൂത്തുകളിലും നീണ്ട ക്യൂ. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് .കഴിഞ്ഞ 10 വർഷത്തിനിടെ നിയമസഭയെ തിരഞ്ഞെടുക്കുന്ന ആദ്യ വോട്ടെടുപ്പും കൂടിയാണിത്. വോട്ടിംഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിൽ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വോട്ടർമാർ, പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും അവരവരുടെ പോളിംഗ് ബൂത്തിന് പുറത്ത് അതിരാവിലെ തന്നെ അണിനിരന്നു. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് വനിത സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. പിർപാഞ്ചൽ പർവത നിരക്ക് ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ് 24 മണ്ഡലവും. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. സൈന്യത്തിന് പുറമേ കേന്ദ്ര–-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.