Site iconSite icon Janayugom Online

ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ആകെയുള്ള 81 മണ്ഡലങ്ങളില്‍ 43 സീറ്റുകളിലേക്കാണ് പോളിങ്.
1.37 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക.മൊത്തം 683 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതില്‍ 73 വനിതകളും 609 പുരുഷന്മാരും മൂന്ന് ട്രാന്‍സ് ജെന്‍ഡറുകളുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കെ രവികുമാര്‍ പറഞ്ഞു. 43 സീറ്റുകളില്‍ 20 പട്ടിക വര്‍ഗ വിഭാഗത്തിനും ആറെണ്ണം പട്ടിക ജാതിക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.
15,344 പോളിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 12,716 എണ്ണം വിദൂരഗ്രാമങ്ങളിലാണ്. 2,628 എണ്ണം നഗരങ്ങളിലുമാണ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ്. എന്നാല്‍ 950 ബൂത്തുകളില്‍ വൈകുന്നേരം നാല് വരെയായിരിക്കും പോളിങ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് മുതല്‍ 179.14 കോടിയുടെ മൂല്യമുള്ള സാധനങ്ങളും പണവും പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വരെ 54 കേസുകള്‍ രജിസ‍്റ്റര്‍ ചെയ‍്തു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും എന്‍ഫോഴ‍്സ‍്മെന്റ് ഡയറക‍്ടറേറ്റ് ഹേമന്ത് സൊരേനെ അറസ‍്റ്റ് ചെയ്തതും ജാമ്യം ലഭിച്ചതും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളാണ്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം 30, ബിജെപി 25 സീറ്റുകള്‍ വീതം നേടിയിരുന്നു. 2014ല്‍ ബിജെപിക്ക് 37 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ്-ജെഎംഎം സഖ്യം അത് 47 ആയി പിടിച്ചെടുക്കുകയായിരുന്നു. 

Exit mobile version