Site iconSite icon Janayugom Online

ആദ്യം ആശ്വാസം പിന്നെ ഭീതി; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു

ബേഡഡുക്ക കൊളത്തൂർ മടന്തക്കോട് പാറമടയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ബുധനാഴ്ച വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ മകൾ വി അനുപമ തോട്ടത്തിൽ വെള്ളം ഒഴിക്കാൻ പോയപ്പോൾ പുലിയെ കാണുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലി പുറത്തുകടക്കാതിരിക്കാൻ തുരങ്കത്തിന്റെ കവാടത്തിനു സമീപം കല്ലുകളും കൂടും സ്ഥാപിച്ചിരുന്നു. 

വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിദഗ്ധരെത്തി മയക്കുവെടി വച്ചത്. എന്നാൽ വെടിയുടെ ശബ്ദം കേട്ടപ്പോൾതന്നെ പുലി തുരങ്കത്തിനുള്ളിൽ നിന്ന് കുതറിമാറി ഓടുകയായിരുന്നു. പുലിക്ക് മയക്കുവെടി കൊണ്ടിട്ടുണ്ടെന്നായിരുന്നു വനംവകുപ്പിന്‍റെ നിഗമനമെങ്കിലും സമീപപ്രദേശങ്ങളിലൊന്നും പുലിയെ കണ്ടെത്താനായില്ല. എവിടെയെങ്കിലും മയങ്ങിവീണിരുന്നെങ്കിൽതന്നെ മണിക്കൂറുകൾ കഴിഞ്ഞ് ബോധം വീണ്ടെടുത്തിരിക്കാമെന്നാണ് കരുതുന്നത്. പാറമടയ്ക്കുള്ളിൽ മുള്ളൻപന്നിയെ പിടിക്കാനായി ആരോ വച്ചിരുന്ന കമ്പി കൊണ്ടുള്ള കുരുക്കിൽ പുലിയുടെ കാൽ കുടുങ്ങിയതായി കണ്ടെത്തിയിരുന്നു. മയക്കുവെടി വച്ചതിന്‍റെ ആഘാതത്തിൽ ഈ കുരുക്ക് വലിച്ചുപൊട്ടിക്കുമ്പോൾ പുലിയുടെ കാലിലും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് വനംവകുപ്പ് ജീവനക്കാർ പറയുന്നു. 

കുരുക്കിന്‍റെ ഭാഗങ്ങൾ ദേഹത്തുണ്ടാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പരിക്കേറ്റിട്ടുണ്ടെങ്കിൽ പുലി കൂടുതൽ അക്രമകാരിയാകാനിടയുണ്ടെന്നാണ് ആശങ്ക. വയനാട്ടിലെ കടുവകൾക്ക് സംഭവിച്ചതുപോലെ ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങാനുമിടയുണ്ട്. പുലി രക്ഷപ്പെട്ടതോടെ സമീപപ്രദേശങ്ങളിലെല്ലാം വനംവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പുലി മറഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽനിന്നുള്ള ആർആർടി സംഘം പരിശോധന നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും സ്ഥലത്ത് തുടരുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം പുലി തുരങ്കത്തിൽ കുടുങ്ങിയതറിഞ്ഞ് ആശ്വസിച്ച നാട്ടുകാർ പുലർ‌ച്ചെ പുലി രക്ഷപ്പെട്ടതായി അറിഞ്ഞതോടെ കടുത്ത ഭീതിയിലും ആശങ്കയിലുമായി. ഒറ്റപ്പെട്ട വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയിലാണ്. മിക്കവരും കുട്ടികളെ പുറത്തിറക്കാൻപോലും മിച്ചതോടെ സമീപപ്രദേശങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനവും തടസപ്പെട്ടു.ക്യാപ്ഷന്‍— പുലി കുടുങ്ങി കിടന്നിരുന്ന തുരങ്കം

Exit mobile version