Site iconSite icon Janayugom Online

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം; അർധരാത്രിയിലെ പ്രസംഗം

akhileshakhilesh

ത് യുഎസിൽ നടന്ന ബൈഡൻ — ട്രംപ് സംവാദം പോലെയായിരുന്നുവെങ്കിൽ അനുയായികൾ ബൈഡനോടെന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നിർത്തിപ്പോകാൻ പറയുമായിരുന്നു. പ്രസംഗമത്സരമായി പരിഗണിച്ചാൽ ഏറ്റവും അവസാനത്തെ സ്ഥാനക്കാരൻ മോഡിയാകുമായിരുന്നു. അത്രയും ഉജ്വലമായിരുന്നു 18-ം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രകടനം. എല്ലാം മാറ്റിവച്ച് കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗോംച ബിമോൽ അകോയിജാമിന്റെ പ്രസംഗം കേൾക്കാം. അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐയിലെ കെ സുബ്ബരായൻ, സിപിഐ(എം)ലെ സു വെങ്കിടേശ്, ടിഎംസിയിലെ മെഹുവ മൊയ്ത്ര. ചുരുക്കം വാക്കുകളിലെങ്കിലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള അംഗം ആൽഫ്രഡ് കാൻഗമിന്റേതായാലും. പ്രതിപക്ഷ നിരയിൽ നിന്ന് ആരുടെ പ്രസംഗമെടുത്താലും മോഡിയുടെ പതറിയ പ്രസംഗത്തെക്കാൾ മെച്ചപ്പെട്ടു നിന്നു.
കഴിഞ്ഞ പത്ത് വർഷവും രാജ്യമാകെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് പ്രതിപക്ഷം പുതിയ സർക്കാരിനോടും സഭയിൽ ആവർത്തിച്ചതിലധികവും. അതിൽ സാമാന്യ ജനത്തിന്റെ ദുരിതജീവിതാനുഭവങ്ങളുണ്ട്. രാജ്യം നേടിയ നന്മകൾ ചവിട്ടിമെതിച്ച് ബിജെപിയും സംഘവും പകരപ്പെടുത്തുവാൻ ശ്രമിച്ച തിന്മകളുടെ കൂമ്പാരക്കെട്ടുകളുണ്ട്. എന്നിട്ടും ആ പ്രസംഗങ്ങൾ മനോഹരങ്ങളായി അനുഭവവേദ്യമായത് തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ മാസ്മരികതകൊണ്ടായിരുന്നു. കഴിഞ്ഞ പത്തുവർഷവും സഭയ്ക്കകത്ത് നേരിട്ട അംഗബലക്കുറവിന്റെ പരിമിതിയില്ലാത്തതുകൊണ്ടായിരുന്നു. പ്രതിപക്ഷ പ്രസംഗത്തെ നിഷ്പ്രഭമാക്കുവാൻ കരുത്ത് പോരുന്നതായിരുന്നില്ല ഭരണപക്ഷ ശബ്ദങ്ങൾ. അവർ അതുകൊണ്ട് പതിവിന് വിപരീതമായി ബഹളങ്ങളിൽ സഭയെ മുക്കാൻ ശ്രമിച്ചു. ഒരുവർഷവും രണ്ട് മാസവും പിന്നിട്ട മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് രാജ്യസഭയിലെങ്കിലും സംസാരിക്കേണ്ടിയും വന്നു.
2023 മേയ് മൂന്നിനാണ് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ താഴ്‌വരയിൽ താമസിക്കുന്ന മെയ്തി വിഭാഗവും കുന്നുകളിലും വനപ്രദേശങ്ങളിലും അധിവസിക്കുന്ന കുക്കി-സോ ആദിവാസി സമൂഹവും സംഘർഷമാരംഭിച്ചത്. അരലക്ഷത്തിലധികം പേർ ഇപ്പോഴും സംസ്ഥാനത്തിനകത്തും പുറത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. മരിച്ചവരുടെ എണ്ണം 221 എന്നാണ് കണക്ക്. 1,000‑ത്തിലധികം പേർക്ക് പരിക്കേറ്റു. 32 പേരെ കാണാതായി. 4,786 വീടുകൾ കത്തിച്ചു. അഞ്ഞൂറോളം മതസ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായി ഇതിലുമെത്രയോ കൂടുതലാണ്. ആ മണിപ്പൂരിനെ കുറിച്ചാണ് എന്തെങ്കിലും മിണ്ടൂ മഹാപ്രഭോയെന്ന് ഇന്ത്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ലോക്‌സഭയിലെ മണിക്കൂറുകൾ നീണ്ട പ്രസംഗത്തിനിടെ, ഉടനീളവും മുദ്രാവാക്യങ്ങളിലൂടെ പ്രതിപക്ഷം ആവർത്തിച്ച് അതുന്നയിച്ചു. നാല്പതും ഇരുപതും വയസുള്ള രണ്ട് കുക്കി സ്ത്രീകളെ, വസ്ത്രം കീറിയെറിയുകയും നഗ്നരായി നടത്തിക്കുകയും ചെയ്ത ഹീനമായ കൃത്യത്തിന്റെ ദൃശ്യങ്ങൾ 2023 മേയ് 19ന് പുറത്തുവന്നു. സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചു. കൂട്ടബലാത്സംഗം ചെയ്തു, ഇരയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും കൗമാരക്കാരനായ സഹോദരനും കൊല്ലപ്പെടുന്നു. പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. രണ്ട് മാസത്തിലേറെ കഴിഞ്ഞ് വീഡിയോ പുറത്തുവരുന്നത് വരെ ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. അവർ ഇന്റർനെറ്റിനെയും സമൂഹമാധ്യമങ്ങളെയും പഴി പറഞ്ഞു.

വീഡിയോ നീക്കം ചെയ്തുവെങ്കിലും വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി, സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകി. ആ ഘട്ടത്തിൽ സഭാസമ്മേളനം നടക്കുന്നുണ്ടായിരുന്നു. മോഡി ഒന്നും സഭയിൽ മിണ്ടിയില്ല. സുപ്രീം കോടതി ഇടപെടുന്നുവെന്ന തോന്നലും രാജ്യവ്യാപക പ്രതിഷേധവുമുണ്ടായപ്പോൾ സഭയ്ക്ക് പുറത്തുവന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. അതുപക്ഷേ ആത്മാർത്ഥതയുടെ കണികയേതുമില്ലാത്തതായി. 79 ദിവസത്തിനുശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം മാത്രമാണ് പരാമർശിച്ചത്. ഇത് പുരോഗമന സമൂഹത്തിന് ലജ്ജാകരമാണ്, കുറ്റക്കാരെ വെറുതെ വിടില്ല, സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം, രാജ്യത്തുടനീളമുള്ള അമ്മപെങ്ങന്മാരുടെ അന്തസ് സംരക്ഷിക്കണം, ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നു, എന്നിങ്ങനെ പതിവ് പല്ലവികൾ ആവർത്തിച്ചു അദ്ദേഹം. പ്രതികരണത്തിൽ പ്രധാനമന്ത്രി ബിജെപി ഭരിക്കുന്ന മണിപ്പൂരിനൊപ്പം അന്ന് കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെയും കൂട്ടിക്കെട്ടി. രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവുമധികം സംഭവങ്ങൾ പുറത്തുവരുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെ ബോധപൂർവം ഒഴിവാക്കി. ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ തിരിച്ച് സഭയിലേക്ക് കയറുകയും ചെയ്തു. ആ പ്രധാനമന്ത്രിക്ക് രാജ്യസഭയിലെങ്കിലും സംസാരിക്കേണ്ടിവന്നു എന്നത് ലോക്‌സഭയുടെ ആദ്യസമ്മേളനം സൃഷ്ടിച്ച സമ്മർദത്തെ തുടർന്നുതന്നെയാണ്. 

തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു അംഗോംച ബിമോൽ ലോക്‌സഭയിൽ സംസാരിച്ചത്. ഭരണ ബെഞ്ചിലേക്ക് ചൂണ്ടിയ വിരലുമായി അംഗോംച ബിമോൽ പറഞ്ഞു: നിങ്ങളുടെ നെഞ്ചിൽ കൈവച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 60,000 പേരെ, ആ അമ്മമാരെ, അവിടെയുള്ള വിധവകളെക്കുറിച്ച് ചിന്തിക്കുക, എന്നിട്ട് നിങ്ങൾ ദേശീയതയെക്കുറിച്ച് സംസാരിക്കുക. അപ്പോൾ മാത്രമേ ഈ ദുരന്തത്തിന്റെ അർത്ഥം മനസിലാകൂ എന്ന്. ആ ജനതയുടെ വേദനയും രോഷവുമാണ് എന്നെപ്പോലുള്ളവരെ ഈ ജനാധിപത്യ ക്ഷേത്രത്തിന്റെ ഭാഗമാകുന്നതിന് കാരണമായത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മണിപ്പൂരിന്റെ ഓരോ ചതുരശ്ര സെന്റിമീറ്ററും കേന്ദ്ര സേനയുടെ കീഴിലാണ്. ഈ രാജ്യത്തെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണത്. സാധാരണ പൊലീസിനെക്കാൾ കൂടുതൽ കേന്ദ്ര സായുധസേനയും അർധ സൈനിക വിഭാഗവും ഞങ്ങൾക്കുണ്ട്. ഇതൊക്കെയാണെങ്കിലും 60,000 ആളുകൾ ഭവനരഹിതരാകുകയും ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ നെഞ്ചിലാണ് വന്ന് തറയ്ക്കുക. സംഘർഷമുണ്ടായതിനുശേഷം ഇത്രയും കാലം സഭയിൽ ആ മണ്ണിനെ പ്രതിനിധീകരിച്ച് സംസാരിക്കുവാൻ ആരുമില്ലായിരുന്നു. ഉണ്ടായിരുന്ന ബിജെപി, എൻപിപി പ്രതിനിധികൾ മൗനത്തിലായിരുന്നു. ഇതിന് മുമ്പ് മണിപ്പൂരിലെ മുൻ ബിജെപി എംപി രാജ്കുമാർ രഞ്ജൻ സിങ്, പൗരത്വ നിയമ ഭേദഗതി ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ മണിപ്പൂരിനെ നിയമപരിധിയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സംസാരിച്ചിരുന്നു. അതിനു കാരണമായി പറഞ്ഞത് സംസ്ഥാനത്തേക്ക് വൻ കുടിയേറ്റക്കാരുടെ ഒഴുക്ക് ഉണ്ടാകുമെന്നായിരുന്നു. 2019 നവംബറിലായിരുന്നു അത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് സിഎഎയെ ഒഴിവാക്കുകയും ചെയ്തു. പക്ഷേ അതേ നിയമം ബാധകമാക്കുവാൻ പോകുന്നുവെന്ന വാർത്തകളും വന്നിട്ടുണ്ട്. അതുകൊണ്ട് അംഗോംച ബിമോലിന്റെ പ്രസംഗം മണിപ്പൂർ ആഘോഷിക്കുകയായിരുന്നു. 

തിങ്കളാഴ്ച അദ്ദേഹം പ്രസംഗിക്കുന്നതിന് മുമ്പ് മണിപ്പൂരിലെ ചാനലുകളിലും സമൂഹമാധ്യമ ഗ്രൂപ്പുകളിലും സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിന്റെ ലിങ്ക് സഹിതമുള്ള സന്ദേശങ്ങൾ നിറഞ്ഞു. ഓജ വാ നഗാഗ് ദൗറേ (പ്രൊഫസർ സംസാരിക്കാൻ പോകുന്നു) എന്നായിരുന്നു ആ സന്ദേശം. പ്രസംഗത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ പറന്നു നടന്ന സന്ദേശം ഇങ്ങനെയായിരുന്നു: ഞങ്ങൾ പാർലമെന്റിലേക്ക് ശരിയായ ആളെ അയച്ചു, ഓജ (അംഗോംച ബിമോൽ) ഞങ്ങളെ നിരാശപ്പെടുത്തിയില്ല എന്ന്. പ്രധാനമന്ത്രിയുടേതിൽനിന്ന് പ്രതിപക്ഷത്തിന്റെ പ്രസംഗം വ്യത്യസ്തമാകുന്നത് ആ വാക്കുകളിലെ സത്യസന്ധതയും പ്രതിബദ്ധതയും കൊണ്ടാണ്. മണിപ്പൂരിനെ കുറിച്ചുതന്നെയെടുക്കുക. മോഡി പറഞ്ഞതിലെ പ്രധാനപ്പെട്ട ഒരു കാര്യം നേരത്തെയും അവിടെ കലാപമുണ്ടായിരുന്നുവെന്നും പത്തുതവണ രാഷ്ട്രപതിഭരണമേർപ്പെടുത്തേണ്ടി വന്നിരുന്നു എന്നുമാണ്. എന്നാൽ ഇത്തവണത്തെ സംഘർഷമുണ്ടായപ്പോൾ പത്തിലധികം തവണയെങ്കിലും സംസ്ഥാന സർക്കാരിനെ വിശ്വാസമില്ലെന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടും അവിടെ ബിജെപി തന്നെ ഭരണം തുടരുന്നു എന്ന കാര്യം അദ്ദേഹം മറച്ചു. രാജ്യസഭയിൽ മോഡി മണിപ്പൂരിനെ കുറിച്ച് പറഞ്ഞ അതേ ദിവസമായിരുന്നു ഒരു വിചാരണ തടവുകാരന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മണിപ്പൂരിലെ സർക്കാരിനെ വിശ്വാസമില്ലെന്ന് ആവർത്തിച്ചതെന്ന യാദൃച്ഛികതയുമുണ്ട്.
നുണകൾ പോലും പറഞ്ഞു ഫലിപ്പിക്കുവാനാകാതെ പതറിയതുകൊണ്ടാണ് പ്രസംഗത്തിന്റെ ഉള്ളടക്കമാണ് മറുപടി അർഹിക്കുന്നതെന്നും അതുന്നയിച്ച വ്യക്തിയല്ലെന്നും ഇരുസഭകളിലും മോഡി മറന്നുപോയത്. അതുകൊണ്ടാണ് രാഹുലിനെതിരെ ബാലബുദ്ധിയെന്ന പ്രയോഗമുണ്ടായത്. പ്രസംഗങ്ങളിൽ പലപ്പോഴും രാഹുലിന്റെ മുതുമുത്തച്ഛൻ നെഹ്രുവിന്റെയും മുത്തശ്ശി ഇന്ദിരയുടെയും ഭരണകാലത്തെ വിലയിരുത്തി വിമർശിച്ചത്. ഇപ്പോഴത്തെ രാജ്യത്തിന്റെ തകർച്ചയുടെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് നവ ഉദാരീകരണമാണ്. താൻ ഇപ്പോഴും പിന്തുടരുന്നത് നവ ഉദാരീകരണ നയങ്ങൾ തന്നെയാണ് എന്നതുകൊണ്ടല്ല, അതിന്റെ ഉപജ്ഞാതാക്കളായ നരസിംഹറാവുവിനെയും മൻമോഹൻസിങ്ങിനെയും മോഡി പരാമർശിക്കാതിരുന്നത്. മറുപടി പറയാൻ വക തന്റെ പക്കൽ ഇല്ലാത്തത് കൊണ്ടുതന്നെയാണ്. 

Exit mobile version