അമേരിക്കയിൽ 2026‑ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാർലസ് വിക്ടർ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം മാരകമായ വിഷമിശ്രിതം കുത്തിവച്ച് (Lethal Injection) വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1998 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൂസ്റ്റണിലെ സബർബൻ അപ്പാർട്ട്‌മെന്റിൽ വെച്ച് തന്റെ മുൻ കാമുകിയായ ഗ്ലെൻഡ ഡെനിസ് ഹെയ്‌സ്‌ലിപ്പിനെയും (39) അവരുടെ പുതിയ സുഹൃത്ത് ഡാരൻ കീത്ത് കെയ്‌നെയും (30) തോംസൺ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വെച്ച് വൈകുന്നേരം 6:50-ഓടെ മരണം സ്ഥിരീകരിച്ചു. തോംസന്റെ ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും വിവാദമായ അധ്യായമായിരുന്നു 2005‑ലെ ജയിൽ ചാട്ടം. വധശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെ ഹാരിസ് കൗണ്ടി ജയിലിൽ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാൾ രക്ഷപെട്ടു.
ജയിൽ വസ്ത്രം മാറി സാധാരണ വേഷം ധരിച്ച പ്രതി, സ്വന്തമായി നിർമ്മിച്ച വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
മൂന്ന് ദിവസം ഒളിവിൽ കഴിഞ്ഞ തോംസണെ പിന്നീട് ലൂസിയാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് ഇരകളുടെ കുടുംബങ്ങളോട് തോംസൺ മാപ്പ് ചോദിച്ചു. “ഇവിടെ വിജയികളാരും ഇല്ലെന്നും, ഈ സാഹചര്യം കൂടുതൽ ഇരകളെ സൃഷ്ടിക്കുകയാണെന്നും” ഇയാൾ പറഞ്ഞു. അവസാന നിമിഷം തോംസൺ നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. ഈ വർഷം യുഎസിൽ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫെബ്രുവരി 10‑ന് ഫ്ലോറിഡയിലാണ് രാജ്യത്തെ അടുത്ത വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

