Site iconSite icon Janayugom Online

ധനക്കമ്മി ഉയരുന്നു: സമ്പദ്ഘടന പ്രതിസന്ധിയില്‍

രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പിടിമുറുക്കി ധനക്കമ്മി ഉയരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ടുമാസം കൊണ്ട് കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പിന്നിട്ടു. നാമമാത്രമായ ജിഡിപി വളർച്ച മാത്രം പ്രതീക്ഷിക്കുന്നതിനാല്‍ ധനക്കമ്മി ഈ വര്‍ഷവും ലക്ഷ്യം കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. 2023–24 സാമ്പത്തിക വർഷത്തിലും ധനക്കമ്മി ജിഡിപിയുടെ ആറുശതമാനം കടക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഏപ്രിൽ–നവംബർ‌ കാലയളവിൽ കമ്മി 9.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ലക്ഷ്യമിട്ടതിന്റെ 50.7 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 58.9 ശതമാനത്തിൽ എത്തിയിരുന്നു.

സർക്കാരിന്റെ മൊത്തം ചെലവും വായ്പ ഒഴികെയുള്ള മൊത്തവരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. ചെലവഴിക്കപ്പെടുന്ന തുക ധനക്കമ്മിയിൽ എപ്പോഴും ഉയർന്നു നിൽക്കും. ഇത് കുറയ്ക്കേണ്ടത് സുസ്ഥിരമായ സമ്പദ്ഘടനയ്ക്ക് അനിവാര്യമാണ്. കമ്മി നികത്താനായി ആര്‍ബിഐയില്‍ നിന്നും പൊതുവിപണിയില്‍ നിന്നും കടം വാങ്ങേണ്ടതായി വരും. നടപ്പ് സാമ്പത്തിക വര്‍ഷം 17.86 ലക്ഷം കോടിയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.
നികുതി വരുമാനം 1.2 ലക്ഷം കോടിയും നികുതിയേതര വരുമാനം 0.7 ലക്ഷം കോടിയും ഉൾപ്പെടെ 2024 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ റവന്യു വരുമാനം 1.9 ലക്ഷം കോടിയായിരിക്കുമെന്ന് ഇന്ത്യ റേറ്റിങ്സ് കണക്കാക്കുന്നു. ഇത് 2023–24ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരിക്കും. എന്നാൽ റവന്യു ചെലവ് 2.1 ലക്ഷം കോടി രൂപ കൂടുതലായിരിക്കും. ജിഡിപി വളർച്ച മന്ദഗതിയിലായതാണ് ധനക്കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് വിഘാതമായി മാറുകയെന്ന് ചീഫ് ഇക്കണോമിസ്റ്റും സീനിയർ ഡയറക്ടറുമായ ദേവേന്ദ്ര കുമാർ പന്ത് പറഞ്ഞു.

കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം റവന്യു വരുമാനം 17.2 ലക്ഷം കോടി രൂപയായി. ഇത് വാര്‍ഷികലക്ഷ്യത്തിന്റെ 65.3 ശതമാനമാണ്. പ്രത്യക്ഷ നികുതി പിരിവ് 14.3 ലക്ഷം കോടി രേഖപ്പെടുത്തി. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 61.6 ശതമാനം വരും.
നവംബർ അവസാനത്തോടെ കടമില്ലാത്ത മൂലധന രസീതുകൾ ബജറ്റില്‍ വകയിരുത്തിയതിന്റെ 30 ശതമാനം മാത്രമാണ്. വിറ്റഴിക്കൽ വരുമാനം വെറും 8,858 കോടി അഥവാ ബജറ്റില്‍ കണക്കുകൂട്ടിയതിന്റെ 17 ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബർ അവസാനത്തോടെ 51,000 കോടി വിറ്റഴിക്കലിലൂടെ സമാഹരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം മൊത്തം ചെലവ് 26.5 ലക്ഷം കോടി രൂപ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 59 ശതമാനം പിന്നിട്ടു. എന്നാല്‍ മൂലധനച്ചെലവിന്റെ വേഗത കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളിലെ മൂലധനച്ചെലവ് 5.85 ലക്ഷം കോടി രൂപയാണ്. 10 ലക്ഷം കോടിയാണ് ബജറ്റ് എസ്റ്റിമേറ്റ്. ഇതിനകം 58.5 ശതമാനം ചെലവഴിക്കപ്പെട്ടു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വരുംമാസങ്ങളിൽ മൂലധനച്ചെലവ് കൂടുതൽ മന്ദഗതിയിലാകുമെന്നും ലക്ഷ്യം കൈവരിക്കില്ലെന്നും സാമ്പത്തിക വിദഗ്ധർ കരുതുന്നു. 

Eng­lish Sum­ma­ry: Fis­cal deficit ris­es: econ­o­my in crisis

You may also like this video

Exit mobile version