Site iconSite icon Janayugom Online

ധനക്കമ്മി ഉയര്‍ന്നു ; കറന്റ് അക്കൗണ്ട് കമ്മി ഒമ്പതുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ഫെബ്രുവരി അവസാനത്തോടെ ബജറ്റ് വിലയിരുത്തലിന്റെ 82.7 ശതമാനമായി. 2021 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 76 ശതമാനം ആയിരുന്നു. സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ മൊത്തം ചെലവ് വര്‍ധിക്കുന്നതാണ് ധനക്കമ്മി. ഫെബ്രുവരിയില്‍ മൊത്ത നികുതി വരുമാനം 17.6 ശതമാനം ഉയര്‍ന്ന് 1.77 ലക്ഷം കോടിയായി. എന്നാല്‍ അറ്റ നികുതി വരുമാനം 66,550 കോടി മാത്രമായിരുന്നു. ഫെബ്രുവരിയിൽ മൊത്തം വരുമാനത്തിൽ 44,236 കോടി രൂപയുടെ കുറവുണ്ടായി, ഇത് ധനക്കമ്മി വര്‍ധിക്കാന്‍ കാരണമായി. ഫെബ്രുവരിയിലെ ചെലവ് 11 ശതമാനം ഉയര്‍ന്ന് 3.34 ലക്ഷം കോടിയായി. മൂലധന ചെലവായി 43,495 കോടി ഇതില്‍ ഉള്‍പ്പെടും.

2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കേന്ദ്രത്തിന്റെ മൂലധനച്ചെലവ് 19.7 ശതമാനം വർധിച്ച് 4.85 ലക്ഷം കോടി രൂപയായപ്പോൾ മൊത്തം ചെലവ് 11.5 ശതമാനം ഉയർന്ന് 31.44 ലക്ഷം കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരവ് ആദ്യത്തെ 11 മാസങ്ങളില്‍ 29.3 ശതമാനം ഉയര്‍ന്നു. ഇത് 2021 സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവിലുള്ള നികുതിയേതര വരുമാനത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 2021 ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 990 കോടി ഡോളറില്‍ നിന്നും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 2300 കോടി ഡോളറായി വര്‍ധിച്ചു. ഇത് ഒമ്പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി.

8.45 ലക്ഷം കോടി കടമെടുക്കുന്നു

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 8.45 ലക്ഷം കോടി രൂപ കടമെടുക്കാനൊരുങ്ങുന്നു. ഇതിനായി ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിൽ കേന്ദ്രം ബോണ്ടുകൾ ഇറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022–23 സാമ്പത്തികവര്‍ഷത്തെ കടമെടുക്കലിനായി ബജറ്റില്‍ നിശ്ചയിച്ച 14.95 ലക്ഷം കോടിയുടെ 56.50 ശതമാനമാണ് തുടക്കത്തില്‍ തന്നെ കടമെടുക്കുന്നത്. ബോണ്ടുകളിലൂടെ പ്രതിവാരം 32,000 കോടി രൂപ മുതൽ 33,000 കോടി രൂപ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

വായ്പയുടെ 6.15 ശതമാനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴിയായിരിക്കും. 13.85 ശതമാനം അ‍ഞ്ച് വര്‍ഷം, 10.77 ശതമാനം ഏഴ് വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാകും. ബോണ്ടുകള്‍ വഴിയുള്ള 20 ശതമാനം വായ്പ 10 വര്‍ഷത്തിനുള്ളിലും 15.98 ശതമാനം 14 വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാകുന്ന വിധത്തിലായിരിക്കും. 13.25 ശതമാനം 20 വര്‍ഷത്തിനുള്ളിലും 13.85 ശതമാനം 40 വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴിയായിരിക്കും.

Eng­lish summary;Fiscal deficit ris­es; The cur­rent account deficit is at a nine-year high

You may also like this video;

Exit mobile version