Site iconSite icon Janayugom Online

പെരിയാറിലെ മത്സ്യക്കുരുതി; ഹൈക്കോടതി അന്വേഷണസമിതിയെ നിയോഗിച്ചു

പെരിയാറിലെ മത്സ്യക്കുരുതിയിൽ പരിശോധനയ്ക്കായി ഹൈക്കോടതി സമിതിയെ നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി, ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. ഇവർ മത്സ്യക്കുരുതി ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. 

വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയെന്നാണ് ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്മൂലം നൽകിയിരുന്നു. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചത്. 

പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലയ്ക്കെങ്കിലും നിലനിർത്തണമെന്ന് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയിരുന്നു. 2017 ലെ ദേശീയ ഹരിത ട്രൈടബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയത്. ഈ നിര്‍ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. 

Eng­lish Summary:Fish farm­ing in Peri­yar; The High Court appoint­ed an inquiry committee
You may also like this video

Exit mobile version