മാലിന്യ പ്രശ്നങ്ങൾ നേരിടുന്ന വേമ്പനാട്ട് കായലിൽ വിഷം കലക്കിയുള്ള മത്സ്യവേട്ട വ്യാപകമാകുന്നു. ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കീടനാശിനികൾ ഉൾപ്പടെയുള്ള വിഷ പ്രയോഗത്തിലൂടെയാണ് മത്സ്യങ്ങളെ ഇവിടെ നിന്നും പിടികൂടുന്നത്. കായൽ പ്രദേശങ്ങളിൽ നിന്ന് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തി വന്നിരുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഇവർ ഉൾനാടൻ മത്സ്യമേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. കായൽ തീരങ്ങളിൽ നീട്ടുവലയിട്ട ശേഷം തുരിശ്, ഫ്യൂറിഡാൻ ഉൾപ്പെടെയുള്ളവ കൂട്ടിച്ചേർത്ത് തുണിയിൽ കിഴികെട്ടിയ ശേഷം കഴുക്കോലിന്റെയും വലയുടെയും അടിഭാഗത്തു കെട്ടിവെച്ച് വെള്ളത്തിനടിയിലൂടെ ഓടിക്കുമ്പോൾ മത്സ്യങ്ങൾ മയങ്ങി വലയിൽ കുടുങ്ങും. ഇതോടൊപ്പം ചെറുമത്സ്യങ്ങൾ ചത്തുപോകുകയും ചെയ്യുന്നു.
ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്. കേരളത്തിൽ ലഭ്യമല്ലാത്ത ഫ്യുരിഡാൻ പോലുള്ള വിഷകൂട്ടുകൾ സമീപ സംസ്ഥാനങ്ങളിൽ നിന്ന് കടത്തികൊണ്ടുവന്നാണ് വിഷം പ്രയോഗിക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കാരണം വേമ്പനാട്ട് കായൽ ഇന്ന് നിലനിൽപ്പിനായി പൊരുതുകയാണ്. അതിനിടയിലാണ് അനധികൃത രീതിയിലുള്ള മത്സ്യബന്ധനവും നടക്കുന്നത്. അധികൃതർ നടത്തിയ പരിശോധനയിൽ അടക്കംകൊല്ലി വല, ചെറുകണ്ണിക്കൂട്, മത്സ്യക്കെണി എന്നിവയും കണ്ടെത്തിയിരുന്നു.
കുട്ടനാടൻ പാടശേഖരങ്ങളിൽ പ്രയോഗിക്കുന്ന രാസകീടനാശനികൾ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലാണ്. ജലത്തിന്റെ പിഎച്ച് മൂല്യങ്ങളെ പോലും തകർത്തെറിഞ്ഞ് മാലിന്യ വാഹിയായി മാറിയ കായലിൽ ഇത്തരത്തിലുള്ള അനധികൃത മത്സ്യബന്ധനം കൂടുതൽ നാശത്തിലേക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകർ പറയുന്നത്. പ്രളയത്തിന് ശേഷം വേമ്പനാട്ട് കായലിലെ ആവാസ വ്യവസ്ഥ വളരെ പ്രതികൂലമായിരുന്നു. മത്സ്യസമ്പത്ത് കാര്യമായി വർധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് എക്കൽ അടക്കമുള്ള മാലിന്യത്തിന്റെ തോത് വർധിക്കുകയും കായൽ ചതുപ്പ് നിലമായി മാറുകയും ചെയ്തതോടെ മത്സ്യ സമ്പത്തിന് ഇടിവ് സംഭവിച്ചു. 4500 ടൺ മത്സ്യങ്ങളുണ്ടായിരുന്ന വേമ്പനാട്ട് കായലിൽ ഇപ്പോൾ 700 ടണ്ണിനടുത്ത് മത്സ്യങ്ങളാണുള്ളത്. ഇവ വംശനാശ ഭീഷണിയിലാണ്. ആറ്റുകൊഞ്ച്, കരിമീൻ അടക്കമുള്ള മത്സ്യങ്ങൾ കിട്ടാതായി. അതിനിടയിലാണ് അനധികൃത മത്സ്യവേട്ട പെരുകുന്നത്. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് കടുത്ത തൊഴിൽ ഭീഷണിയാണ് ഉയർത്തുന്നത്.
English Summary;Fish hunting by mixing poison in Vembanat backwater
You may also like this video

