Site iconSite icon Janayugom Online

പയ്യന്നൂരിൽ ഫിഷറീസ് കോളജ് അനുവദിച്ചു

കൊച്ചി– കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) കീഴിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഫിഷറീസ് കോളജ് അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജ് ആണ് പയ്യന്നൂരിലേത്. 40 പേരുടെ ബാച്ചിലർ ഓഫ് ഫിഷറീസ് (ബി.എഫ്.എസ്.സി) ബാച്ച് ആണ് പയ്യന്നൂരിലെ ഫിഷറീസ് കോളജിൽ അനുവദിച്ചിരിക്കുന്നത്. ഈ അധ്യയനവർഷം തന്നെ ബിഎഫ്എസ‌സി കോഴ്സിലേക്ക് പ്രവേശനം നടത്തി പയ്യന്നൂർ ഫിഷറീസ് കോളജിൻറെ പ്രവർത്തനം ആരംഭിക്കുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അറിയിച്ചു. നീറ്റ് പ്രവേശനപരീക്ഷയുടെ റാങ്കിൻറെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

നിലവിൽ കുഫോസിൻറെ പ്രാദേശിക ഗവേഷണ കേന്ദ്രം പയ്യന്നൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് ഫിഷറീസ് കോളജ് ആരംഭിക്കുന്നതിന് സർവ്വകലാശാല സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ അടിസ്ഥാന സൌകര്യങ്ങൾ പൂർത്തിയാകുന്നതു വരെ വാടക കെട്ടിടത്തിലായിരിക്കും കോളജ് പ്രവർത്തിക്കുകയെന്ന് വൈസ് ചാൻസലർ ഡോ റിജി ജോൺ പറഞ്ഞു. ഇരുപതിനായിരം ചതുശ്രയടിയെങ്കിലും വിസ്തീർണ്ണമുള്ള വാടകക്കെട്ടിടമാണ് ഇതിനായി കണ്ടെത്തേണ്ടത്.

നിലവിൽ കുഫോസിൻറെ കൊച്ചിയിലെ കാമ്പസ്സുകളിൽ മാത്രമാണ് സംസ്ഥാനത്ത് ഫിഷറീസ്- സമുദ്രശാസ്ത്ര വിഷയങ്ങളിൽ പഠനത്തിന് സൌകര്യമുള്ളത്. സംസ്ഥാനത്തിൻറെ ഇതരഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ, പ്രത്ര്യേകിച്ച് മലബാറിലെ കുട്ടികൾ ഈ വിഷയങ്ങളിൽ ഉപരിപഠനത്തിന് എത്തുന്നത് വളരെ കുറവാണ്. ഈ ന്യൂനത പരിഹരിക്കാനായി മലബാറിൽ ഫിഷറീസ് കോളേജ് അനുവദിക്കണമെന്ന ജനപ്രതിനിധികളുടെ ദീർഘനാളത്തെ ആവശ്യം കുഫോസിൻറെ പ്രോചാൻസലറും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ സജി ചെറിയാൻ അനുഭാവപൂർവ്വം പരിഗണിച്ചതോടെ പയ്യന്നൂർ ഫിഷറീസ് കോളേജിന് സർക്കാരിൻറെ ഭരണാനുമതി ലഭിക്കുകയായിരുന്നു. പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തോട് അനുബന്ധിച്ച് ഫിഷറീസ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ മലബാറിലെ മത്സ്യകൃഷി മേഖലയിൽ നിലവിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുമെന്ന് ഡോ.റിജി ജോൺ പറഞ്ഞു. ബിഎഫ്എസ്‌സി കോഴ്സിനോടൊപ്പം ശുദ്ധജല മത്സ്യകൃഷിയിലും ഓരു ജലകൃഷിയിലും കർഷകർക്കായി പ്രത്യേക പരിശീലന പരിപാടികൾ കുഫോസ് നടത്തും. മത്സ്യങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന ഭക്ഷ്യവ്യവസായ യൂണിറ്റുകൾ സ്വയം സംരംഭങ്ങളായി ആരംഭിക്കാൻ യുവജനങ്ങൾക്ക് പരിശീലനവും സഹായവും നൽകുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ്-സമുദ്രപഠന സർവ്വകലാശായാണ് 2010‑ൽ പ്രവർത്തനം ആരംഭിച്ച കുഫോസ്. കേരള കാർഷിക സർവ്വകശാലയുടെ ഭാഗമായി 1979 ൽ പ്രവർത്തനം ആരംഭിച്ച പനങ്ങാട് ഫിഷറീസ് കോളജ് 2010‑ൽ സർവ്വകലാശാലയായി ഉയർത്തുകയായിരുന്നു. ബിഎഫ്എസ്‌സിക്ക് പുറമേ ഫുഡ് ടെക്നോളജിയിൽ ബി.ടെകും അക്വാകൾച്ചർ, ഫിഷ് പ്രോസസിങ്ങ് ടെക്നോളജി തുടങ്ങിയ എട്ട് വിഷയങ്ങളിൽ എംഎഫ്എസ്സി കോഴ്സും കുഫോസ് നടത്തുന്നു. വിവിധ സമുദ്രശാസ്ത്ര പഠനവിഷയങ്ങളിൽ 24 എംഎസ്‌സി കോഴ്സുകളും ഫിഷറീസ് സമുദ്രശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പിഎച്ച്ഡി പ്രോഗ്രാമുകളു കുഫോസിലുണ്ട്. ഫിനാൻസ്, മാർക്കെറ്റിങ്ങ്, എച്ച്ആർ ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം മുഖ്യവിഷയമായി എടുക്കാവുന്ന എംബിഎ കോഴ്സും കുഫോസിലുണ്ട്. പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ എംബിഎ ഉൾപ്പടെയുള്ള എല്ലാ കോഴ്സുകളും പയ്യന്നൂരിലെ കാമ്പസ്സിൽ ആരംഭിക്കുമെന്നും ഡോ.റിജി ജോൺ പറഞ്ഞു.

Eng­lish Summary;Fisheries Col­lege sanc­tioned at Payyanur
You may also like this video

Exit mobile version