Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി

fishermanfisherman

ആഴക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മറ്റ് മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തി. ബോട്ടിൽ നിന്നു കാണാതായ ഇരവിപുരം തെക്കുംഭാഗം പുത്തനഴികം തോപ്പിൽ റോബിൻസണെ (47) കണ്ടെത്താനാകുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചതോടെയാണ് കർണാടക നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നിർദേശ പ്രകാരം ആറംഗ മത്സ്യത്തൊഴിലാളി സംഘം കരയിലേക്ക് മടങ്ങിയത്.

കർണാടകയിൽ കടലിൽ മീൻ പിടിക്കാനായി തമിഴ്‌നാട് തേങ്ങാപട്ടണത്തിൽ നിന്ന് കഴിഞ്ഞ 18നാണ് തമിഴ്‌നാട് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള ‘മരിയ’ ബോട്ടിൽ റോബിൻസണും നീണ്ടകര അമ്പലത്തും പടിഞ്ഞാറ്റതിൽ ജെ ഡേവിഡ്(49), തിരുവനന്തപുരം പൊഴിയൂർ, വലിയതുറ ഭാഗത്തുള്ള മറ്റ് മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന ഏഴുപേര്‍ അടങ്ങുന്ന സംഘം തമിഴ്‌നാട്ടിലേക്ക് പോയത്. ഒരു മാസത്തെ ജോലിയായിരുന്നു. റോബിൻസൺ ആദ്യമായാണ് ഇത്രയും ദിവസം നീണ്ടു നിൽക്കുന്ന മത്സ്യബന്ധനത്തിനായി പോകുന്നത്. 22ന് രാത്രി ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. 23ന് പുലർച്ചെ ചായ തയാറാക്കാനായി എല്ലാവരും എഴുന്നേറ്റപ്പോള്‍ റോബിൻസണെ കണ്ടില്ല. ബോട്ടിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതായതോടെ രാജേഷ് ഉടൻ സാറ്റലൈറ്റ് വഴി കർണാടക നേവിയുമായി ബന്ധപ്പെട്ടു. 24ന് പുലർച്ചെയോടെ നേവിയുടെ കപ്പലും ഹെലികോപ്റ്ററും ബോട്ട് കിടന്ന സ്ഥലത്ത് എത്തുകയായിരുന്നു. 24നും 25നും അവർ തിരിച്ചിൽ നടത്തിയെങ്കിലും റോബിൻസണെ കണ്ടെത്താനായില്ല. ഒടുവിൽ തിരച്ചിൽ അവസാനിപ്പിക്കുകയും മത്സ്യത്തൊഴിലാളികളോട് തിരികെ പോകാൻ നിർദേശിക്കുകയുമായിരുന്നു. കാൽവഴുതി കടലിൽ വീണതായിരിക്കാമെന്നാണ് സംശയം നിലവില്‍ നേവിയുടെ കണ്ടെത്തെല്‍.

റോബിൻസണെ കാണാതായ സമയത്ത് ബോട്ട് കർണാടക കാർവാർ പോർട്ടിൽ നിന്നും ഏകദേശം 350 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് മത്സ്യത്തൊഴിലാളികൾ തേങ്ങാപട്ടണത്ത് എത്തിയത്. മത്സ്യത്തൊഴിലാളികളിൽ നിന്നും കോസ്റ്റൽ പൊലീസ് മൊഴിയെടുത്തു. 

Exit mobile version