Site icon Janayugom Online

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന. സംഭവ ദിവസം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് തോക്കുകൾ ഹാജരാക്കാനാണ് നിർദ്ദേശം. വെടിയുതിർത്തത് നാവികസേന കേന്ദ്രത്തിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സ്ഥലം നാവികസേന കേന്ദ്രത്തിലെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടാണെന്ന് പൊലീസ് അറിയിച്ചു. മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽ വെടിയേറ്റത്. നേവിയാണ് വെടിവച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി.

എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടിത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞ്‌വീണ സെബാസ്റ്റ്യന്റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയിലെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവച്ചതെന്നതിൽ ദുരൂഹതയേറിയത്.

Eng­lish Sum­ma­ry: Fish­er­man shot inci­dent: Police check at naval train­ing centre
You may also like this video

Exit mobile version