പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി വലയിൽ കുരുങ്ങുന്ന അട്ടകളും മറ്റ് പരൽമത്സ്യങ്ങളും. പുലർച്ചെ നാലുമണിയോടെ കടലിൽ ഇറങ്ങി രാവിലെ എട്ടോടെ തിരികെ കടപ്പുറത്തു അടുക്കുന്ന യാനങ്ങളിൽ അട്ടകളും നക്ഷത്രമത്സ്യങ്ങളും പരൽ മീനുകളുമാണ് ഉള്ളത്. ഒരു യാനത്തിൽ നിന്നും അഞ്ചോ ആറോ കുട്ട മത്സ്യമാണ് കിട്ടുക. സഹതൊഴിലാളികൾക്ക് വേതനം നൽകുന്നതിനുള്ള വക വേറെ കണ്ടെത്തണം. ഒരു കുട്ട നിറയെ അഞ്ഞുറു രൂപയ്ക്കു മുകളിൽ വില നൽകി ലേലത്തിൽ പിടിക്കുന്ന മത്സ്യ വിൽപ്പനക്കാർ കുട്ടയിൽ നിന്ന് പരൽ മീനുകളെ വേർതിരിച്ച് വിൽപ്പനക്കെടുക്കുകയാണ് പതിവ്. അവശേഷിച്ച അട്ടയും നക്ഷത്ര മത്സ്യങ്ങളും കടൽ തീരത്ത് വെയിലിൽ ഉണക്കിയ ശേഷം ഇവ കോഴിത്തീറ്റക്കമ്പനിയിലേക്ക് കയറ്റി അയക്കും. നൂറ്റി ഇരുപത്തിനാലു രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക്. ഒരു യാനത്തിന് കടലിൽ പോകാൻ ഒരു ദിവസം ചുരുങ്ങിയത് 30 മുതൽ 50 ലിറ്റർ വരെ മണ്ണെണ്ണ വേണം. ഇത്തരത്തിൽ എണ്ണയ്ക്ക് മാത്രം ഏകദേശം അയ്യായിരത്തോളം രൂപ ചെലവ് വരും. ഇന്ധനവിലയും കൂട്ടിമുട്ടിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കുറഞ്ഞു കൊണ്ടിരിക്കുന്ന മത്സ്യ ലഭ്യത.