Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി നടപ്പാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 41.90 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1,500 രൂപയും സംസ്ഥാന വിഹിതമായ 1,500 രൂപയും ഉൾപ്പെടെ 3,000 രൂപ വീതം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വിഹിതം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഭരണാനുമതി ലഭിക്കുകയും കേന്ദ്രവിഹിതം അനുവദിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

Exit mobile version