പാലക്കാട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. ചിറ്റിലഞ്ചേരിയിൽ വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. സതീഷും സുഹൃത്തുക്കളും പതിവായി മീൻ പിടിക്കുന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കവെയാണ് അപകടം.
സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പൊലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോക്കേറ്റ സതീഷിനെ ഉടന്‍ തന്നെ സുഹൃത്തുക്കൾ നാട്ടുകാരും നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

