തൃശൂർ നഗരത്തിൽ കോർപ്പറേഷൻ പൊളിച്ചുനീക്കാൻ തീരുമാനിച്ച അറുപതോളം കെട്ടിടങ്ങൾക്ക് തൃശൂർ എഞ്ചിനിയറിങ് കോളേജിലെ സിവിൽ എഞ്ചിനിയറിങ് വിഭാഗം ‘സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്’ നൽകി. അടിയന്തിരമായി പൊളിച്ചുമാറ്റേണ്ട പട്ടികയിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നല്‍കിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മേയർ എം കെ വർഗീസ് ആവശ്യപ്പെട്ടു.
അടുത്തിടെ സ്വരാജ് റൗണ്ടിൽ അപകടാവസ്ഥയിലായിരുന്ന ഒരു കെട്ടിടം മേയറുടെ നേതൃത്വത്തിൽ ജെ സി ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, ഈ കെട്ടിടത്തിന് ആറുമാസം മുൻപ് തൃശൂർ എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം ‘കെട്ടിടം സുരക്ഷിതമാണ്’ എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നു. നഗരത്തിലാകെ 271 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് കോർപ്പറേഷൻ എഞ്ചിനീയർമാരും പൊതുമരാമത്ത് വകുപ്പും കണ്ടെത്തിയിട്ടുണ്ട്. വീഴാറായ കെട്ടിടങ്ങൾ പൊളിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകാറുണ്ടെങ്കിലും, എഞ്ചിനിയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ കെട്ടിട ഉടമകൾ പൊളിക്കലിൽ നിന്ന് ഒഴിവാക്കപ്പെടുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തിലാണ് കോർപ്പറേഷനും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാൻ എഞ്ചിനിയറിങ് കോളേജ് സിവിൽ എഞ്ചിനിയറിങ് വിഭാഗം അധ്യാപകർ തയ്യാറായില്ല.

