Site iconSite icon Janayugom Online

എംഡിഎംഎയുമായി അഞ്ച് പേര്‍ പിടിയില്‍; നിരോധിത മയക്കുമരുന്ന് ബെംഗളുരുവില്‍ നിന്ന്

പന്തളത്ത് ഹോട്ടല്‍ മുറിയില്‍ നിന്നും വന്‍ ലഹരിവേട്ട. 154 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കല്‍ സ്വദേശി പി ആര്യന്‍, കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ സജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പന്തളം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ മുറിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ജില്ലയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളില്‍ മുറിയെടുത്താണ് പ്രതികള്‍ നിരോധിത മയക്ക് മരുന്ന് വില്‍പ്പന നടത്തിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രെയ്സ് ചെയ്താണ് ഇന്ന് ഉച്ചയോടെ പത്തനംതിട്ട നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പന്തളത്തെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ബെംഗളുരുവില്‍ നിന്നാണ് നിരോധിത മയക്കുമരുന്ന് എത്തിക്കുന്നത്. ഗ്രാമിന് 7000 മുതല്‍ 9000 രൂപയ്ക്ക് വരെയാണ് പ്രതികള്‍ എംഡിഎംഎ വില്‍ക്കുന്നത്.

Eng­lish sum­ma­ry; Five arrest­ed with MDMA; Pro­hib­it­ed drugs are from Bengaluru

You may also like this video;

Exit mobile version