Site iconSite icon Janayugom Online

പണപ്പെരുപ്പത്തിന് കാരണം അഞ്ച് വന്‍കിട കമ്പനികള്‍

രാജ്യത്ത് തുടരുന്ന പണപ്പെരുപ്പത്തിന്റെ പിന്നിലെ പ്രധാനഘടകം വന്‍കിട കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറുമായിരുന്ന വിരാല്‍ ആചാര്യ. റിലയന്‍സ്, ടാറ്റാ, ആദിത്യ ബിര്‍ള, അഡാനി, ഭാരതി എയര്‍ടെല്‍ എന്നീ അഞ്ച് കമ്പനികളാണ് രാജ്യത്തെ വിലക്കയറ്റത്തിലൂടെ നേട്ടമുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില്ലറ വില്പന, വിഭവങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ മേഖലകൾ എന്നിവയുടെ വിലനിർണയത്തിൽ അതിശക്തമായ അധികാരം ഇത്തരം വന്‍കിട കമ്പനികള്‍ക്കുണ്ട്. വിപണിയിലെ മത്സരം വർധിപ്പിക്കുന്നതിനും വിലനിർണയ ശേഷി കുറയ്ക്കുന്നതിനും ഇത്തരം കമ്പനികള്‍ ഇല്ലാതാകണമെന്ന് അദ്ദേഹം പറഞ്ഞു. വിലനിര്‍ണയത്തില്‍ അധികാരം ഉപയോഗിക്കാത്ത സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ഈ കമ്പനികളെ വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മത്സരത്തിൽ നിന്ന് രക്ഷിച്ചതായും ആചാര്യ കൂട്ടിച്ചേർത്തു. 

അസംസ്കൃത വസ്തുക്കളുടെ വിലയിലെ ഇടിവിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പൂർണമായി പ്രയോജനം നേടാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡില്‍ വിതരണ ശൃംഖലയില്‍ ഉടലെടുത്ത പ്രശ്‌നങ്ങൾ ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ആഗോളതലത്തിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഇന്ത്യയിൽ ഉയർന്ന നിലയിൽ തുടരുകയാണെന്ന് അദ്ദേഹം ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
ഒരു ദേശീയ ചാമ്പ്യനെന്ന രീതിയിലോ പുതിയ ഇന്ത്യയെന്ന രീതിയിലോ വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ സാധാരണ ജനങ്ങള്‍ തങ്ങള്‍ക്ക് ഒരിക്കലും ഗുണം ചെയ്യാത്ത വന്‍കിട കമ്പനികളുടെ വളര്‍ച്ചയുടെ ഭാരം പേറേണ്ടിവരികയാണെന്ന് ആചാര്യ വിലയിരുത്തുന്നു.
രണ്ടുവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന് ശേഷം 2019ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ആചാര്യ രാജിവയ്ക്കുകയായിരുന്നു. നിലവില്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകനാണ് ഇദ്ദേഹം. 

Eng­lish Sum­ma­ry: Five big com­pa­nies are respon­si­ble for the inflation

You may also like this video

Exit mobile version