Site icon Janayugom Online

അഞ്ചു ബില്ലുകള്‍ സബ്‌ജക്ട്‌ കമ്മിറ്റിക്ക് : റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കി

ലോകായുക്ത നിയമ ഭേദഗതി നിർദ്ദേശം അടക്കം അഞ്ച് ബില്ലുകള്‍ നിയമസഭ പരിഗണിച്ച്‌‌ സബ്‌ജക്ട്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്കുവിട്ടു. ഒരു ബിൽ പാസാക്കി.
കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കേരള ലോകായുക്ത (ഭേദഗതി) ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ, കേരള മാരിടൈം ബോർഡ്‌ (ഭേദഗതി) ബിൽ, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ്‌ സബ്‌ജക്ട്‌ കമ്മിറ്റികൾക്ക്‌ വിട്ടത്‌. കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കി.
കേരള പ്രവാസി ക്ഷേമനിധി ബോർഡില്‍ പിഎസ്‌സി‌ നിയമനം ഉറപ്പുവരുത്താനാണ്‌‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ അവതരിപ്പിച്ചത്‌.
ലോകായുക്ത റിപ്പോർട്ടുകൾ നിരാകരിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ്‌ ലോകായുക്ത ഭേദഗതി ബില്ലിലെ പ്രധാന നിർദ്ദേശം. ലോകായുക്തയുടെ അഭാവത്തിലും അവധിയിലും ചുമതല മുതിർന്ന ഉപലോകായുക്തക്ക്‌ നിർവഹിക്കാനുമാകും. അംശാദായ വിഹിതം ഇരുപതിൽനിന്ന് അമ്പത്‌ രൂപയാക്കുന്നതാണ്‌‌ ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. മാരിടൈം ബോർഡ്‌ നിയമ മാറ്റത്തിലൂടെ ബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്‌ക്ക്‌ മാറ്റിയതിന്‌ സാധുത നൽകുന്നു‌. ചെയർമാന്റെയും വൈസ്‌ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാക്കി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നിയമ നടപടികളിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനാണ് സഹകരണ ഭേദഗതി ബിൽ. ഹൈക്കോടതി ഇടപെടൽമൂലം വൈകിയ ലയന നടപടികൾക്കായി ആർബിഐ അനുമതി കാക്കുകയാണ്‌. പ്രയോഗത്തിലില്ലാത്തതും തുടർന്ന്‌ ആവശ്യമില്ലാത്തതുമായ 105 നിയമങ്ങൾ ഉപേക്ഷിക്കാനാണ്‌‌ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ. 

Eng­lish Sum­ma­ry: Five Bills to Sub­ject Com­mit­tee: Repeal and Exemp­tion Bill passed

You may like this video also

Exit mobile version