Site iconSite icon Janayugom Online

അഞ്ച് കോടിയാളുകള്‍ ആധുനിക അടിമത്തത്തിന്റെ പിടിയില്‍

slaveryslavery

അഞ്ച് കോടിയാളുകള്‍ ആധുനിക അടിമത്തത്തിന്റെ പിടിയിലാണെന്ന് പുതിയ പഠനം. താല്പര്യമില്ലാത്ത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി ആധുനിക രീതിയിലുള്ള അടിമത്തം അനുവഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ), അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐഒഎം), മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന വാക് ഫ്രീ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ലൈംഗികവൃത്തിയുള്‍പ്പെടെ നിര്‍ബന്ധിത ജോലിയിലേക്ക് തള്ളിവിടപ്പെട്ടവരുടെ എണ്ണം 2.8 കോടിയായി വര്‍ധിച്ചു. 2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിനും തയ്യാറാകേണ്ടിവന്നു. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ ആധുനിക അടിമത്തത്തിന്റെ ഇരകളായവരുടെ എണ്ണത്തില്‍ ഒരു കോടിയിലധികം വര്‍ധനവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
നിര്‍ബന്ധിത ജോലിയില്‍ 86 ശതമാനവും സ്വകാര്യമേഖലയിലെ നിര്‍മ്മാണം, കൃഷി, ഉല്പാദനം, ഗാര്‍ഹിക ജോലി എന്നിവയിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ ലൈംഗിക ചൂഷണത്തിനും ഇരകളാകുന്നുണ്ട്. ബാക്കി 14 ശതമാനവും സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന മേഖലകളിലാണ്.
ആഗോളതലത്തില്‍ 60 ലക്ഷത്തിലധികം സ്ത്രീകളും കുട്ടികളും നിര്‍ബന്ധിത വിവാഹത്തിന്റെ ഇരകളാണ്. 16 വയസും അതിന് താഴെ പ്രായവുമുള്ള കുട്ടികളാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്. കുടുംബങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 85 ശതമാനം പേരും വിവാഹത്തിന് തയ്യാറാകുന്നത്. ഇതില്‍ കൂടുതലും ഏഷ്യ, പസഫിക്, അറബ് മേഖലകളിലാണ്.
ആധുനിക അടിമത്തം സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗുയി റൈഡര്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് യാതൊരു ന്യായീകരണങ്ങളും നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു, തൊഴിലാളി സംഘടനകള്‍, തൊഴില്‍ദാതാക്കള്‍, സംഘടനകള്‍, സമൂഹം, സാധാരണയാളുകള്‍ തുടങ്ങി എല്ലാവരുടെയും സംയുക്ത ശ്രമത്തിലൂടെ മാത്രമെ ഇതിനെ മറികടക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ നിയമങ്ങള്‍ മെച്ചപ്പെടുത്തുക, തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുക, സര്‍ക്കാരുകളുടെ അറിവോടെയുള്ള നിര്‍ബന്ധിത ജോലികള്‍ അവസാനിപ്പിക്കുക, മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക, വിട്ടുവീഴ്ചയില്ലാതെ വിവാഹപ്രായപരിധി 18 വയസ് ആക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പഠനത്തിനൊപ്പം ഐഎല്‍ഒ, ഐഒഎം, വാക്ക് ഫ്രീ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Five crore peo­ple are in the grip of mod­ern slavery

You may like this video also

Exit mobile version