Site iconSite icon Janayugom Online

മാലിയില്‍ അ‍ഞ്ച് ഇന്ത്യന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി; പ്രതികള്‍ അല്‍ഖായിദ–ഐഎസ്ഐഎസ്‌ സംഘമെന്ന് സംശയം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയില്‍ അ‍ഞ്ച് ഇന്ത്യന്‍ പൗരന്‍മാരെ തൊഴില്‍ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി അറിയിച്ചു. മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അല്‍ഖായിദ–ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. 

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക നേതൃത്വമാണ് ഭരണം നിയന്ത്രിക്കുന്നത്. ആഭ്യന്തര സംഘര്‍ഷത്തിനു കാരണം അല്‍ഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരവാദി സംഘടനകളുമാണെന്നു സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ വച്ച് വിലപേശുന്നതും രാജ്യത്ത് പതിവാണ്. സെപ്റ്റംബറില്‍ രണ്ട് യുഎഇ പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും ഭീകരവാദി സംഘടനകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. വൻ തുക നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്.

Exit mobile version